ന്യൂയോര്‍ക്ക്: ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും.ന്യൂയോർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. പ്രതിനിധികളുടെ രജിസ്ട്രേഷനും സൗഹൃദ സമ്മേളനവും ഇന്നലെ പൂർത്തിയായിരുന്നു.
വിവാദങ്ങൾക്കിടെയാണ് ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങ് നടക്കുന്നത്. ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ് സമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ.എൻ ബാലഗോപാൽ, സ്പീക്കർ എ.എൻ ഷംസീർ, നോർക്ക റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങളുടെയും നോർക്ക റൂട്ട്സിന്‍റെയും വീഡിയ പ്രദർശനവും ഇന്നുണ്ടാകും.
പി.ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന ‘അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ; വിപുലീകരണ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം സഭ ചർച്ച ചെയ്യും. ജോൺ ബ്രിട്ടാസ് എംപി ‘നവ കേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കും.അമേരിക്കൻ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഗുണപരമായ ചർച്ചകളും തീരുമാനങ്ങളുമാണ് സമ്മേളനത്തിൽ ഉണ്ടാവുക.ഇന്നലെ പ്രതിനിധികളുടെ രജിസ്ട്രേഷനും സൗഹൃദ സമ്മേളനവും പൂർത്തിയായിരുന്നു. നാളെ, മുഖ്യമന്ത്രി അമേരിക്കയിലെ മലയാളികളെ അഭിസംബോധന ചെയ്യും.