ന്യൂയോര്‍ക്ക്: ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് രജിസ്ട്രേഷന്‍ ഫീസ് ഈടാക്കില്ലെന്ന് ഓര്‍ഗനൈസിംഗ്് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍. ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശപ്രകാമാണ് രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയത്. അച്ചടക്കത്തോടെ ചെലവ് ചുരുക്കിമാത്രമായിരിക്കും ലോക കേരളസഭ സംഘടിപ്പിക്കുക എന്നും കെ. ജി. മന്മഥന്‍ നായര്‍ അറിയിച്ചു.
ജൂണ്‍ 9, 10, 11 തീയതികളികളില്‍ നടക്കുന്ന അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, നോര്‍ക്ക റസിഡന്റ വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.പി ജോയി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.നോര്‍ക്ക ഡയറക്ടര്‍ ഡോ. എം അനിരുദ്ധനാണ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.
ഡെലിഗേറ്റുകള്‍ രജിസ്ട്രേഷന്‍ ലിങ്ക് പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി. അന്തിമ ലിസ്റ്റിന് ലോക കേരള സഭ സെക്രട്ടേറിയറ്റാണ് അംഗീകരം നല്‍കുന്നത്. ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങള്‍ രജിസ്ട്രേഷന്‍ ലിങ്ക് പൂരിപ്പിച്ച് നല്‍കേണ്ടതില്ല.
ഏതെങ്കിലും ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അത് ബന്ധപ്പെട്ടവരെ അറിയിച്ച് ആ ഒഴിവ് വെയിറ്റിങ് ലിസ്റ്റിലുള്ള ഡെലിഗേറ്റിന് നല്‍കുന്നതാണ്. എല്ലാവരും സമ്മേളന വേദിയായ ടൈംസ് സ്‌ക്വയര്‍ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ താമസിക്കണമെന്ന് നിബന്ധമില്ല. അംഗങ്ങളുടെ സൗകര്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
മാരിയറ്റ് മാര്‍ക്വിസില്‍ താമസിക്കാന്‍ താത്പര്യമുള്ള ഡെലിഗേറ്റുകള്‍ ഒരു ദിവസത്തേക്ക് ടാക്സ് ഉള്‍പ്പെടെ 320 ഡോളറും മൂന്നു ദിവസത്തേയ്ക്ക് 960 ഡോളറും ചെലവാക്കണം. 160 ഡോളര്‍ വീതം മുടക്കി രണ്ടു പേര്‍ക്ക് മുറി പങ്കിടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. Zelle വഴി [email protected] എന്ന സൈറ്റിലൂടെ പേയ്മെന്റ് നടത്തിയാല്‍ മുറികള്‍ റിസര്‍വ് ചെയ്ത് തരുന്നതാണ്. ഡെലിഗേറ്റുകളുടെ പേരിലായിരിക്കും മുറി വാടക അടയ്ക്കുന്നത്. ലോക കേരളസഭയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ 269 ഡോളര്‍ വാടകയുള്ള (ടാക്‌സ് പുറമെ) മുറിയാണെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശവുമുണ്ട്.
ആദ്യ മേഖലാ സമ്മേളനം ദുബായിലും യൂറോപ്യന്‍ രാജ്യങ്ങളുടെ മേഖലാ സമ്മേളനം ലണ്ടനിലും നടന്നിരുന്നു. യു.എസ്.എ, കാനഡ, നോര്‍ത്ത് അമേരിക്കന്‍-കരീബിയന്‍ മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ മേഖലാ സമ്മേളനത്തിനാണ് ന്യൂയോര്‍ക്ക് വേദിയൊരുക്കുന്നത്.