ന്യൂയോര്‍ക്ക്: ജൂണ്‍ 9 മുതല്‍ 11 വരെ നടക്കുന്ന ലോക കേരളസഭ അമേരിക്കന്‍ മേഖല സമ്മേളനത്തിന് സ്‌പോണ്‍സേഴ്‌സായി പ്രമുഖ ബിസിനസ്സുകാരും അമേരിക്കന്‍ മലയാളികളുടെ അഭിമാനവുമായ വ്യക്തിത്വങ്ങള്‍ അണിചേരും. ഡോ. ബാബു സ്റ്റീഫന്‍, വര്‍ക്കി ഏബ്രഹാം, തോമസ് മൊട്ടയ്ക്കല്‍, രാംദാസ് പിള്ള എന്നിവരാണ് സ്‌പോണ്‍സേഴ്‌സായി എത്തുന്നത്. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യവും സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പ്രവര്‍ത്തകരുമാണ് ഇവര്‍.
ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാനയുടെ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്. കേരളത്തിന്റെ ദുരിതകാലത്ത് മാതൃകാപരമായ നിരവധി സഹായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. പ്രമുഖ വ്യവസായി ആയ തോമസ് മൊട്ടയ്ക്കല്‍ ടോമാര്‍ കണ്‍സ്ട്രക്ഷസിന്റെ സാരഥിയാണ്. ലോക പ്രശസ്തങ്ങളായ നിരവധി നിര്‍മിതികള്‍ക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്.
ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നോളജിയില്‍ ലോകത്തെ തന്നെ പ്രമുഖ ശാസ്ത്രജ്ഞനാണ് ഡോ. രാംദാസ്പിള്ള. അമേരിക്കയിലെ അറിയപ്പെടുന്ന സംരംഭകന്‍ കൂടിയാണ് ഇദ്ദേഹം. അമേരിക്കന്‍ സമൂഹത്തിലെ അറിയപ്പെടുന്ന മറ്റൊരു പ്രമുഖ ബിസിനസ്സുകാരനാണ് വര്‍ക്കി ഏബ്രഹാം. നീരേറ്റുപുറം ജലമേളയുടെ മുഖ്യസ്‌പോണ്‍സര്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.