മാളികപ്പുറം സിനിമ കണ്ടു. അതിലെ ഓരോ കഥാപാത്രങ്ങളും അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം. സൈജു കുറുപ്പിന്റെ അച്ചായി മനോഹരമായ ഒരു കഥാപാത്രം മനസ്സിൽ എപ്പോഴും വേദനയോടെ ഓർക്കുന്നു. ഒരു പാവം അച്ഛൻ. സുന്ദരനായ, ചെറുപ്പക്കാരനായ അച്ഛൻ.
കല്ലു മോളും ചേട്ടായിയും വളരെ മനോഹരം. അച്ഛനും മോനും അതായത് ടി.ജെ രവിയും അദ്ദേഹത്തിൻറെ മകനും തകർത്ത് അഭിനയിച്ചു. ഉണ്ണി മുകുന്ദൻറ അഭിനയവും രൂപവും ആയിരുന്നു ഏറെ ആകർഷിച്ചത്. ഒരു പ്രത്യേക സൗന്ദര്യം ഉണ്ണിമുകുന്ദൻറെ മുഖത്ത് പ്രത്യേകിച്ച് ആ കണ്ണുകൾക്ക് ഉണ്ട്. ഒരു ജൂനിയർ സിൽവർ സ്റ്റാലിൻ എന്ന് ഞാൻ എപ്പോഴും ഉണ്ണിമുകുന്ദനെ കാണുമ്പോൾ ഓർക്കാറുണ്ട്. ശരീരം ഒരു ജിംനാസ്റ്റിന്റേതാണെങ്കിലും മുഖം വളരെ ഇന്നസെൻറ് ആയ വളരെ പ്രത്യേകതയുള്ള ഒരു ക്യൂട്ട് ഫേസ് ആണ്.
അയ്യപ്പൻ എന്ന പേരിൽ ആദ്യരൂപം കാണിക്കുമ്പോൾ തന്നെ അയ്യപ്പനോടുള്ള ഭക്തിയുടെ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു വികാരം മനസ്സിൽ ഉടലെടുക്കുന്നു. കഥയിൽ ഉടനീളം അയ്യപ്പൻറെ ഓരോ ഭാവങ്ങളും വളരെ ഭക്തിനിർഭരം.
വേറെ ഒരു നടനും അയ്യപ്പൻറെ കഥാപാത്രം അല്ലെങ്കിൽ അയ്യപ്പനായി ജീവിക്കുവാൻ ഇതുപോലെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ദൈവം ഓരോരുത്തർക്കും ഓരോ പ്രത്യേക ഭാവങ്ങളും രൂപങ്ങളും നൽകുന്നത് എന്തിനാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. പല ഭാവങ്ങളിലും ഉള്ള അയ്യപ്പനെ, സർവ്വാഭരണ വിഭൂഷിത നായും മറ്റു രൂപങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും എന്നെ ഏറ്റവും ആകർഷിച്ചത് ഉണ്ണിമുകന്റെ ഈ അയ്യപ്പൻ തന്നെ.
ചെറുപ്പം മുതലേ ഹിന്ദു ക്രിസ്ത്യാനി മുസ്ലിം ഐക്യത്തിൽ വളർന്ന അല്ലെങ്കിൽ എൻറെ കൂട്ടുകാരെല്ലാം ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒരുമിച്ചുള്ളതായിരുന്നു. അന്നേ ഞങ്ങളെല്ലാവരും ദൈവം ഒന്നാണ് എന്നും പള്ളിയിലും അമ്പലത്തിലും മോസ്കിലും പോയി എല്ലാ മതത്തിന്റെയും ആഘോഷങ്ങളും
ഞങ്ങൾ കൊണ്ടാടാറുണ്ട്. എൻറെ ചെറുപ്പത്തിൽ ഞങ്ങളുടെ അടുത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും കുറവായിരുന്നുവെങ്കിലും എല്ലാവരുടെയും മതാചാരങ്ങൾ എനിക്ക് ഹൃദ്യസ്ഥമാണ്.
വെളുപ്പാൻ കാലത്ത് എഴുന്നേറ്റു കുളിച്ച് അയ്യപ്പനു ശരണം വിളിക്കുന്നവരും രാവിലെ എഴുന്നേറ്റ് പള്ളിയിലേക്ക് പോകുന്നവരും ഓർമ്മയിൽ വരുന്നു. അതേപോലെ നോമ്പെടുത്ത് മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന മുസ്ലീമുകളും ആണ് എൻറെ കൂട്ടുകാർ. അവരിൽ ഒരിക്കലും എനിക്ക് ദൈവത്തെ വേർപിരിച്ച് കാണാൻ പറ്റിയിട്ടില്ല. അതുപോലെ തന്നെയാണ് എൻറെ വിശ്വാസവും. എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ഞാൻ ബഹുമാനിക്കുന്നു.
ഓരോരുത്തർക്കും അവരുടേതായ രീതിയിൽ ദൈവത്തെ സ്തുതിക്കുവാനും പ്രാർത്ഥിക്കുവാനും ഉള്ള അവകാശമുണ്ട്. അനാഥമായ അല്ലെങ്കിൽ അനധികൃതമായ പല ബലികളോ ആചാരങ്ങളും ഞാൻ ഒരിക്കലും അംഗീകരിക്കുന്നില്ല. അംഗീകരിക്കുകയും ഇല്ല. ഞാനിവിടെ ഉദ്ദേശിച്ചത് ഹിന്ദു മുസ്ലിം ക്രിസ്ത്യാനി ഐക്യം മാത്രം. ഞാനറിഞ്ഞ ഞാൻ കണ്ടുവന്ന എൻറെ കൂട്ടുകാരിൽ ദർശിച്ച അല്ലെങ്കിൽ നാട്ടുകാരിൽ നിന്ന് അനുഭവിച്ച മതാചാരങ്ങളെയാണ്.
ഏറ്റവും വലിയ ഒരു സന്ദേശം മാളികപ്പുറം എന്ന മൂവിയിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. നമ്മുടെ ആവശ്യങ്ങളിൽ നമ്മെ സഹായിക്കുന്ന ഒരാളെ ദൈവം കൊണ്ടുവന്നു തരും, നമ്മുടെ മുൻപേ , നമ്മളെ സഹായിക്കാൻ , അവരാണ് നമ്മുടെ ദൈവമായി കാണപ്പെടുന്നത് .
എത്രമാത്രം ഉദാത്തമാണ് ആ വരികൾ. ഇത്രയും വലിയ ഒരു സന്ദേശം മാളികപ്പുറം എന്ന മൂവിയിൽ ഉണ്ട്. അതാണ് അതിന്റെ കാതലായ സന്ദേശം . വേദനിക്കുന്ന രംഗങ്ങൾ കാണുമ്പോൾ അത് ഇല്ലാതിരുന്നൂടെ എങ്കിൽ , അവസാനം അത് ഇല്ലാതാക്കി കൂടായിരുന്നോ എന്നെല്ലാം ഞാൻ ഓർത്തുപോയി . എങ്കിലും ഇതാണ് ജീവിതം. വളരെ അപ്രതീക്ഷിതമായ ഒരു ട്വിസ്ററ് . ഞാനും എൻറെ ഭർത്താവും ഒരുപോലെ സംശയിച്ച ഒരു അവസാനം അല്ലായിരുന്നു.
അപ്പോഴാണ് ഞങ്ങൾക്കും ഒരു കാര്യം മനസ്സിലായത്. ഓരോരുത്തരുടെയും ജീവിതത്തിലും. ചലനങ്ങൾ സൃഷ്ടിക്കാൻ നന്മയുടെ ഒരു വിത്ത് പാകുവാൻ നമുക്ക് എപ്പോഴും സാധിക്കും, അത് എന്നും സാധിക്കും. നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ ഒരു നോക്കോ എന്നും മറ്റുള്ളവരോടുള്ള സഹാനുഭൂതി ആയിരിക്കട്ടെ. എല്ലാവരുടെയും നന്മയായിരിക്കട്ടെ നമ്മുടെ ഉദ്ദേശം. അസൂയ മൂലം ഒരാളുടെയും ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ അനുവദിക്കാതിരിക്കുക.
നമുക്കറിയാതെ നമ്മൾ അറിയാതെ 100% കണ്ണിൽ കണ്ടത് വിശ്വസിക്കാതെ ഒരിക്കലും മറ്റുള്ളവരെ കുറിച്ച് അപവാദം പറഞ്ഞു പരത്തുകയോ കുറ്റം പറയുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുക . പിഷാരടിയെ പോലുള്ള നല്ല ഒരു അയൽക്കാരനെയും മനോജ് കെ ജയനെ പോലെയുള്ള നല്ലൊരു പോലീസുകാരനെയും നമുക്ക് കൊണ്ടുപോരാം.
നമ്മുടെ എല്ലാവരുടെയും മനസ്സിൽ തിന്മയെക്കാൾ അധികം നന്മയാണുള്ളത്. അത് കണ്ടറിഞ്ഞ് അതിനെ 100 ശതമാനവും ഫലപ്രാപ്തിയിൽ എത്തിക്കാം. മറ്റുള്ളവരെ നമ്മുടെ കാര്യപ്രാപ്തിക്കുവേണ്ടി അടിച്ചമർത്താതിരിക്കുക. കഥയല്ല ജീവിതം, ജീവിതമല്ല കഥ. അതിലെ കഥയും കഥാപാത്രങ്ങളും നിർമ്മാണവും സംവിധാനവും എല്ലാം നമ്മളാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് നമ്മുടെ ജീവിതം നമ്മുടെ കൈകളിൽ തന്നെ എങ്ങനെ തുടങ്ങണമെന്നും തുടരണമെന്നും അവസാനിപ്പിക്കണമെന്നും അതിൻറെ ഓരോ ഭാഗത്തിന്റെയും ഓരോ ഉത്തരവാദിത്വവും നമ്മിൽ അടഞ്ഞു കൂടിയിരിക്കുന്നു. നമ്മളാണ് നമ്മുടെ ശക്തി. എല്ലാവർക്കും നന്മകൾ നേരുന്നു. അപ്രതീക്ഷിതമായ പരിണാമഗുപ്തി പറഞ്ഞ് ആരുടെയും ത്രില്ലിംഗ് എക്സ്പീരിയൻസ് കളയാൻ ഉദ്ദേശിക്കുന്നില്ല.
എല്ലാവർക്കും നന്മകൾ നേരുന്നു.