പി പി ചെറിയാൻ
ന്യൂയോർക്ക്: പ്രമുഖ ചരിത്രകാരിയും സിൻസിനാറ്റി സർവകലാശാലയിലെ പ്രഫസറുമായ ഷൈലജ പൈക്ക്, മക്ആർതർ ഫെലോഷിപ്പ് കരസ്ഥമാക്കി. ഈ വർഷം ഫെലോഷിപ്പ് ലഭിച്ച 22 പേരുടെ കൂട്ടത്തിലാണ് ഷൈലജയും ഇടംപിടിച്ചത്. ദലിത് സ്ത്രീകൾ ആധുനിക ഇന്ത്യയിൽ നേരിടുന്ന ജാതി, ലിംഗ, ലൈംഗിക വിവേചനങ്ങളെക്കുറിച്ചുള്ള പഠനമാണ് ഫെലോഷിന് അർഹമായത്.
‘‘ദലിത് കുടുംബത്തിൽ ജനിച്ച താൻ പൂനെയിലെ ഒരു ചേരിയിലെ ഒറ്റമുറി വീട്ടിലാണ് വളർന്നത്. ദലിതനും സ്ത്രീയെന്നുമുള്ള വിവേചനം താൻ നേരിട്ടിരുന്നു. തനിക്കും മൂന്ന് സഹോദരിമാർക്കും വിദ്യാഭ്യാസം നൽകുന്നതിന് പിതാവ് കാണിച്ച ശ്രദ്ധയാണ് പിന്നീട് ജീവിതത്തിൽ മുന്നേറുന്നതിന് സഹായിച്ചതെന്നും’’ ഷൈലജ വ്യക്തമാക്കി.
പൂനെയിലെ സാവിത്രിഭായ് ഫുലെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഷൈലജ മുംബൈയിൽ ലക്ചറർ ആയി. പിന്നീട് യുകെയിലെ വാർവിക്ക് സർവകലാശാലയിൽ ഫോർഡ് ഫൗണ്ടേഷൻ ഫെലോഷിപ്പോടെ ഡോക്ടറൽ ബിരുദവും കരസ്ഥമാക്കി. എമോറി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫെലോഷിപ്പിനെ തുടർന്നാണ് 2005-ൽ ഷൈലജ അമേരിക്കയിൽ എത്തി. യൂണിയൻ കോളജിൽ ഹിസ്റ്ററിയുടെ വിസിറ്റിങ് അസിസ്റ്റന്‍റ് പ്രഫസറായും യേൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റായും സൗത്ത് ഏഷ്യൻ ഹിസ്റ്ററിയുടെ വിസിറ്റിങ് അസിസ്റ്റന്‍റ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.