ന്യൂഡൽഹി: ന്യൂഇയർ ദിനം അമേരിക്കയിലെ ന്യൂ ഓർലീൻസിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 15-ലധികം പേരുടെ ജീവനെടുത്ത ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഓർലീൻസിൽ സംഭവിച്ചത് ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളും പ്രാർത്ഥനകളുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ന്യൂഇയർ ദിനം പുലർച്ചെ മൂന്നരയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. അമിതവേഗതയിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിന് ഇടയിലേക്ക് പാഞ്ഞുകയറി, നിരവധി പേരെ ഇടിച്ചുതെറിപ്പിച്ചു. ശേഷം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ റൈഫിളെടുത്ത് കണ്ടവരെയെല്ലാം വെടിവച്ച് വീഴ്‌ത്തി. ന്യൂ ഓർലീൻസ് നഗരത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ട്രക്കിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക കണ്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.