വാഷിങ്ടൻ : ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോടു വിവേചനമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ മാധ്യമസമ്മേളനത്തിലാണു മോദി ഇക്കാര്യം പറഞ്ഞത്. ഭരണഘടന അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ജാതി–മത–ലിംഗ വേർതിരിവില്ലാതെയാണു നയങ്ങൾ നടപ്പാക്കുന്നതെന്നു മോദി പറഞ്ഞു. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണവും സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മോദി.
ജനാധിപത്യത്തിന്റെ വിജയത്തിനു മാധ്യമസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സുപ്രധാനമാണെന്നു ബൈഡൻ പറഞ്ഞു. ഇന്ത്യ – യുഎസ് സഹകരണം എക്കാല്ലത്തെയും ശക്തമായ നിലയിലാണ്. യുക്രെയ്ൻ യുദ്ധത്തെപ്പറ്റി മോദിയുമായി ചർച്ച ചെയ്തെന്നും ബൈഡൻ പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ ചർച്ചയിലൂടെ പരിഹാരം കാണണമെന്നു മോദി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ് എന്നു മോദി പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദം തടയാൻ ശക്തമായ നടപടികൾ വേണം. ഭീകരതയ്ക്കെതിരെ തോളോടുതോൾ ചേർന്നു പ്രവർത്തിക്കും. ഇന്തോ–പസിഫിക് മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കും. ‘ക്വാഡ്’ പങ്കാളിത്തം അതിനായി ഉപയോഗിക്കും.
കാലാവസ്ഥാമാറ്റം നേരിടാൻ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും നേതാക്കളോടു മാധ്യമസമ്മേളനത്തിൽ ചോദ്യങ്ങളുണ്ടായി. പിന്നീട് യുഎസ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിൽ സാങ്കേതികരംഗത്തെ കുതിച്ചുചാട്ടവും പ്രാദേശിക ഭരണകൂടത്തിലെ വനിതാ മുന്നേറ്റവും മോദി എടുത്തുപറഞ്ഞു.