ബാബു പി സൈമൺ
ഡാളസ്: മനമാകും അൾത്താരയിൽ എന്ന ഭക്തിഗാനം ഒക്ടോബർ 29ന് ഡാളസിൽ പ്രകാശനം ചെയ്തു. സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവും ഡാളസിലെ സ്ഥിര താമസക്കാരനുമായ ബ്രയാൻ തോമസ് രചനയും, ഈണം നിർവഹിച്ച ഗാനമാണ് “മനമാകും അൾത്താരയിൽ” എന്ന ഭക്തിഗാനം. പ്രസിദ്ധ ക്രിസ്തീയ ഗായകൻ കെസ്റ്റർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എബി ടോം സിറിയക് (കീബോർഡ് പ്രോഗ്രാമിംഗ്), റിസൺ മുട്ടിച്ചുക്കാരൻ (വുഡ്‌വിൻഡ്‌സ്),എന്നിവരാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.
യുവാവ് ആയിരിക്കുമ്പോൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച് കേരളത്തിൽനിന്നും മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത യുവ കവിയാണ് ബ്രയാൻ തോമസ്. അമേരിക്കയിലെ തുടർ പഠനത്തിന് ശേഷം ഒരു ഐ ടി കമ്പനിയിൽ ജോലിചെയ്തുവരികയാണ് ബ്രയാൻ തോമസ്. വളരെ ചെറുപ്പം മുതൽ തന്നെ സഭയുടെ പ്രവർത്തനങ്ങളിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു വ്യക്തിയായിരുന്നു ബ്രയാൻ. അൾത്താര ബാലനായി കേരളത്തിലും, അമേരിക്കയിലും ഉള്ള പള്ളികളിൽ ശുശ്രൂഷ ചെയ്യുമ്പോൾ ലഭിച്ച ക്രിസ്തു അനുഭവങ്ങളും, ദൈവ കരുണയാണ് തനിക്ക് ഇപ്രകാരം ഒരു ഗാനം എഴുതുവാൻ പ്രചോദനമായി തീർന്നത് എന്ന് ബ്രയൻ ഓർപ്പിച്ചു. അമേരിക്കയിലെ ജീവിത തിരക്കിനിടയിലും ഇപ്രകാരം ഒരു ഗാനം രചിക്കുവാൻ എല്ലാവിധ പിന്തുണയും നൽകിയ മാതാപിതാക്കളോടും, ഭാര്യയോടും, കുടുബത്തോടും,വിശ്വാസ സമൂഹത്തോടും താൻ കടപ്പെട്ടിരിക്കുന്നു എന്ന് ഗാനം പ്രകാശനം ചെയ്തതിനു ശേഷമുള്ള മറുപടി പ്രസംഗത്തിൽ ബ്രയാൻ തോമസ് പറഞ്ഞു.
“നമ്മുടെ ഇരുണ്ട കാലഘട്ടത്തിൽ യേശു വെളിച്ചമാണ്, നമ്മോടുള്ള അവന്റെ സ്നേഹം നിരുപാധികമാണ്” എന്ന സന്ദേശമാണ് ഈ ഗാനം നൽകുന്നത് എന്ന് ബ്രയൻ അഭിപ്രായപ്പെട്ടു. ഈ ഗാനം ലോകമെമ്പാടുമുള്ള നിരവധി ഹൃദയങ്ങളെ സ്പർശിക്കുകയും, എല്ലാവർക്കും സമാധാനം നൽകുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ബ്രയാൻ തോമസ് പ്രത്യാശ പ്രകടിപ്പിച്ചു. ഗാനത്തിൻറെ നിർമ്മാണപ്രവർത്തനങ്ങളിൽ പിന്തുണ നൽകി സഹായിച്ച , സാബു ആൻഡ് സ്‌റ്റേസി (മസാല ട്വിസ്റ്റ് റിച്ചാർഡ്സൺ),
ബിനു അലക്സ് (ഡ്രീം മേക്കേഴ്സ് മോർട്ട്ഗേജ്, എൽഎൽസി),പ്രദീപ് ഫിലിപ്പ്
( റിയൽറ്റർ), ദിലീപ് ജോസഫ് ( യു കെ മീൽ ക്ലബ് ), ജോർജ്ജ് ടി മാത്യു (ജോമോൻ) എന്നിവരോട് പ്രത്യേക നന്ദിയും ബ്രയാൻ തോമസ് അറിയിച്ചു. താഴെക്കാണുന്ന യൂട്യൂബ് ലിങ്കിലൂടെ ഗാനം ശ്രവിക്യാവുന്നതാണ്.