ന്യൂയോർക്ക്: മുൻ ഗവേഷകനും വിസിൽബ്ലോവറുമായിരുന്ന സുചീർ ബാലാജി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന ഓപ്പൺഎഐ സിഇഒ സാം ആൾട്ട്‌മാന്റെ പ്രസ്താവന തള്ളി ഇലോൺ മസ്ക്. സുചീർ ബാലാജി കൊല്ലപ്പെട്ടതാണ് എന്നാണ് മസ്ക് പ്രഖ്യാപിച്ചു. സാം ആൾട്ട്‌മാനും അമേരിക്കൻ ബ്രോഡ്കാസ്റ്ററായ ടക്കർ കാൾസണും തമ്മിലുള്ള അഭിമുഖം വൈറലായതിന് പിന്നാലെയാണ് മസ്കിന്‍റെ ഈ അഭിപ്രായം. സുചീർ ബാലാജിയുടെ വിവാദപരമായ മരണത്തെക്കുറിച്ച് ഈ അഭിമുഖം വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിരുന്നു.
അഭിമുഖത്തിനിടെ, സുചീർ ബാലാജിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ചും മരണത്തെക്കുറിച്ചും ടക്കർ കാൾസൺ സാം ആൾട്ട്‌മാനോട് നേരിട്ട് ചോദ്യം ഉന്നയിച്ചു “നിങ്ങളുടെ കമ്പനി ആളുകളുടെ വിവരങ്ങൾ മോഷ്ടിക്കുകയും അവർക്ക് പണം നൽകാതിരിക്കുകയും ചെയ്യുന്നുവെന്ന് ഒരു പ്രോഗ്രാമർ പരാതിപ്പെട്ടു. അതിനുശേഷം അയാൾ കൊല്ലപ്പെട്ടു. എന്താണ് അത്?,” ടക്കർ കാൾസൺ ചോദിച്ചു.
“അതും ഒരു വലിയ ദുരന്തമാണ്. അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു,” എന്ന് സാം ആൾട്ട്‌മാൻ പറഞ്ഞു. സുചീർ ബാലാജി തന്‍റെ പഴയ സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു എന്നും ലഭ്യമായ എല്ലാ വിവരങ്ങളും താൻ വ്യക്തിപരമായി പരിശോധിച്ചു എന്നും അദ്ദേഹം പറഞ്ഞു. “എനിക്കിത് ഒരു ആത്മഹത്യയായിട്ടാണ് തോന്നുന്നത്,” എന്ന് അദ്ദേഹം ടക്കർ കാൾസനോട് പറഞ്ഞു. ഈ മരണം തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



