വാഷിങ്ടൺ ഡിസി: ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പുതുതായി രൂപീകരിച്ച സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) ചുമതല ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയെയും ഏൽപ്പിച്ചിരുന്നു.
ഇപ്പോഴിതാ വകുപ്പിൽ തൊഴിൽ ചെയ്യുന്നതിനായി ആളുകളെ തിരയുകയാണ് ഡോജ്. അപേക്ഷകരെ തിരഞ്ഞ് വകുപ്പിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെച്ച പോസ്റ്റാണ് നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ വകുപ്പിൽ സേവനത്തിനായി താൽപര്യം കാണിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. പാർട് ടൈം ആയിരുന്ന് ആശയങ്ങളുണ്ടാക്കുന്നവരെയല്ല തങ്ങൾക്ക് വേണ്ടത്, വളരെ ഉയർന്ന ഐക്യു ഉള്ള, ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യാൻ സന്നദ്ധതയുള്ള ഗവൺമെന്റ് വിപ്ലവകാരികളെയാണ് തങ്ങൾക്ക് വേണ്ടതെന്നാണ് പോസ്റ്റ് ആവശ്യപ്പെടുന്നത്.
ചെയ്യുന്ന ജോലിക്ക് വിദ്യാഭ്യാസമോ മുൻപരിചയമോ ആവശ്യമില്ല. അപേക്ഷ വകുപ്പിന്റെ എക്‌സ് അക്കൗണ്ടിലേക്ക് നേരിട്ട് മെസേജ് ചെയ്താൽ മതിയെന്നും പോസ്റ്റ് പറയുന്നു. എന്നാൽ മാസം എട്ട് ഡോളർ വരിസംഖ്യ അടയ്ക്കുന്ന എക്‌സിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമേ ഡോജിന്റെ എക്‌സ് അക്കൗണ്ടിലേക്ക് അപേക്ഷ അയക്കാനാവൂ.
അയക്കുന്ന അപേക്ഷയിലെ ഏറ്റവും മികച്ച ഒരു ശതമാനം ആളുകളെ മസ്‌കും രാമസ്വാമിയും നേരിട്ട് തെരഞ്ഞെടുക്കുമെന്നും പോസ്റ്റ് പറയുന്നു. എന്നാൽ എന്തെല്ലാമാണ് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെന്ന് പോസ്റ്റ് വിശദീകരിക്കുന്നില്ല.