ഹൂസ്റ്റൺ: ഹൂസ്റ്റണിന് ഈ രാത്രി ആഘോഷത്തിൻ്റേതാകും. ആർപ്പുവിളികളുടെ അമരത്തേക്ക് ഏവർക്കും സ്വാഗതം. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായി മാറാനൊരുങ്ങി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരവിതരണവും ഇൻഡോ അമേരിക്കൻ കൾച്ചറൽ ഫെസ്റ്റ് ഇന്ന്. ‘നാട്ടു നാട്ടു’ എന്നു പേരിട്ടിരിക്കുന്ന ഉത്സവ മാമാങ്കം ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ ഹൂസ്റ്റണ്‍ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കും. മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍, ഡിജിപി ടോമിന്‍ തച്ചങ്കരി തുടങ്ങിയവര്‍ വിശിഷ്ഠാതിഥികളാകും. അമേരിക്കയിലെ പ്രമുഖ സംഘടനകളായ ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യന്‍ പ്രസ്സ് ക്ലബ്, നഴ്സസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പിന്തുണയും പങ്കാളിതവും ചടങ്ങിന്റെ മോടി കൂട്ടും. ഹൂസ്റ്റണിലേയും സമീപപ്രദേശങ്ങളിലേയും മേയര്‍മാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരം സമ്മാനിക്കും. ലോക മലയാളി പ്രതിഭകള്‍ക്ക് സമ്മാനിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരദാന ചടങ്ങിനാണ് ഹൂസ്റ്റണ്‍ ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
പുരസ്‌കാരദാന ചടങ്ങിനെ അടിപൊളിയാക്കാന്‍ വന്‍കലാവിരുന്നാണ് ഒരുങ്ങുന്നത്. 18 വ്യത്യസ്ത ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിയാണ് മുഖ്യ ആകര്‍ഷണം. വ്യത്യസ്തമായ നൃത്ത ഇനങ്ങളുമായി സുന്ദരിമാര്‍ വേദി കീഴടക്കും. ഫ്യൂഷന്‍ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പിന്നണി ഗായിക കാര്‍ത്തിക ഷാജി സംഗീത വിരുന്നൊരുക്കും. പുത്തന്‍ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകര്‍ന്ന് ഫാഷന്‍ ഷോ, നാട്ടുമേളത്തിന്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. നാടന്‍ രുചികളുമായി ലൈവ് തട്ടുകടയും ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.