ന്യൂയോർക്ക്: യുഎസിലെ ഏറ്റവും വലിയ ക്ഷേത്രമായ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം ന്യൂജഴ്സി റോബിൻസ്‌വില്ലിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയ്ക്കു പുറത്തുള്ള ഏറ്റവും വലിയ ക്ഷേത്രവും ലോകത്ത് വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ക്ഷേത്രവും ഇതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 185 ഏക്കർ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയത്തിന്റെ നിർമാണം 12 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12,500 വൊളന്റിയർമാർ നിർമാണത്തിൽ പങ്കാളികളായി.
19 ലക്ഷം ഘനഅടി കല്ലുകളാണ് നിർമാണത്തിന് ഉപയോഗിച്ചത്. പ്രാചീന ഇന്ത്യൻ ശിൽപകലയുടെ മഹിമ വിളിച്ചോതുന്ന ക്ഷേത്ര സമുച്ചയത്തിൽ 10,000 ശിൽപങ്ങളും മറ്റു കൊത്തുപണികളുമുണ്ട്. ഇന്ത്യയിലെ വിശുദ്ധ നദികളിൽ നിന്നുള്ള ജലവും സംഭരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 30ന് ആരംഭിച്ച ഉത്സവത്തിന്റെ സമാപന ദിവസത്തിൽ മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിൽ ക്ഷേത്രം വിശ്വാസികൾക്കു സമർപ്പിച്ചു.