ന്യൂയോർക്ക് മഹാനഗരം ഭാഗികമായി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് പഠനം. നഗരത്തിൽ സ്ഥിതി ചെയ്യുന്ന അംബരചുംബികളുടെ അമിതഭാരം മൂലമാണ് ഈ പ്രതിഭാസം. ന്യൂയോർക്കിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയെ ഇതു കൂട്ടുന്നെന്നും പഠനം പറയുന്നു. എല്ലാവർഷം 1 മുതൽ 2 മില്ലിമീറ്ററാണ് ബിഗ് ആപ്പിൾ എന്നും പേരുള്ള ന്യൂയോർക്ക് താഴുന്നത്. ലോകമെങ്ങുമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഹിമാനികൾ വൻതോതിൽ ഉരുകുന്നത് കൂടി കണക്കിലെടുക്കുമ്പോൾ നഗരത്തിലെ പ്രളയസാധ്യത ഈ നൂറ്റാണ്ടിനവസാനം ഇപ്പോഴുള്ളതിൽ നിന്നു നാലുമടങ്ങാകുമെന്നും പഠനം പറയുന്നു.
പഠനത്തിന്റെ ഭാഗമായി നഗരത്തിൽ സംഭവിക്കുന്ന പ്രളയജലത്തിന്റെ അളവും ഗവേഷകർ കണക്കാക്കി. ഈ ഫലങ്ങളെല്ലാം എർത്ത്‌സ് ഫ്യൂച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. 1950ൽ ന്യൂയോർക്കിൽ സംഭവിച്ച പ്രളയജലനിരപ്പിൽ നിന്ന് ഇപ്പോഴത്തേതിലേക്ക് എത്തുമ്പോൾ 22 സെന്‌റിമീറ്ററിന്‌റെ വർധനയുണ്ടെന്നും ഗവേഷകർ കണക്കുകൂട്ടുന്നു.84 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരമാണ് ന്യൂയോർക്ക്. കാലാവസ്ഥാ വ്യതിയാനം കൂടുന്നതിനനുസരിച്ച്, ന്യൂയോർക്കിൽ മാത്രമല്ല, മറിച്ച് പല തീരദേശനഗരങ്ങളിലും ഇതേ സ്ഥിതിവിശേഷം ഉടലെടുത്തേക്കുമെന്ന് ഗവേഷകർ പറയുന്നു.