വാഷിങ്ടൻ : യുഎസ് ജനപ്രതിനിധി സഭയിൽ ന്യൂയോർക്കിൽനിന്നുള്ള റിപ്പബ്ലിക്കൻ അംഗമായിരുന്ന ജോർജ് സാന്റോസിനെ തട്ടിപ്പിന്റെയും പണം തിരിമറിയുടെയും പേരിൽ പുറത്താക്കിയതിനെ തുടർന്നു നടത്തിയ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ടോം സ്വാസിക്ക് ജയം. ഇത്യോപ്യൻ വംശജയും യുഎസിലേക്കു കുടിയേറും മുൻപ് ഇസ്രയേൽ പ്രതിരോധ സേനാംഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി മാസി പിലിപ്പിനെയാണ് ന്യൂയോർക്കിലെ മൂന്നാം നിയോജകമണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്വാസി പരാജയപ്പെടുത്തിയത്. 93% വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ സ്വാസിക്ക് 53.9%, പിലിപ്പിന് 46.1% എന്നിങ്ങനെയാണു വോട്ടുവിഹിതം. സ്വാസി (61) നേരത്തേ 6 വർഷം ഈ സീറ്റ് പ്രതിനിധീകരിച്ചു സഭാംഗമായിരുന്നു. ഡെമോക്രാറ്റ് ജയത്തോടെ ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം ദുർബലമായി. 219– 213 എന്നതാണ് സഭയിലെ പുതിയ റിപ്പബ്ലിക്കൻ – ഡെമോക്രാറ്റ് കക്ഷിനില.