Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ ജൂതവിരുദ്ധ എന്ന് ആക്ഷേപിച്ച എതിർസ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ നടപടി...

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ ജൂതവിരുദ്ധ എന്ന് ആക്ഷേപിച്ച എതിർസ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ നടപടി വിവാദത്തിൽ

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ ജൂതവിരുദ്ധ എന്ന് ആക്ഷേപിച്ച എതിർസ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ നടപടി വിവാദത്തിൽ. കമലയുടെ ഭർത്താവ് ജൂതനാണെന്നിരിക്കെ, ട്രംപിന്റെ വസ്തുതാവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നിലുളള ട്രംപിന്റെ പ്രഭാവത്തിന് ഈ പരാമർശം മങ്ങലേൽപ്പിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ അമേരിക്കൻ വൈസ് പ്രസിഡന്റായ ഇന്ത്യൻ വംശജ കമലാ ഹാരിസ് ഇന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സതേൺ ഫ്ളോറിഡയിലെ ഒരു മതകൺവൻഷനിൽ സംസാരിക്കുമ്പോഴാണ് ട്രംപ് കമലയ്ക്കെതിരെ പരാമർശം നടത്തിയത്. ബുധനാഴ്ച യുഎസ് കോൺ​ഗ്രസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസം​ഗം കമല ഹാരിസ് ബഹിഷ്കരിച്ചതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു ട്രംപ്. യാതൊരു അടിസ്ഥാനവുമില്ലാതെ കമലയെ ആന്റി സെമിറ്റിസ്റ്റ് എന്ന് വിശേഷിപ്പിക്കുകയായിരുന്നു ട്രംപ്. ‘അവർക്ക് (കമല ഹാരിസ്) ജൂതരെ ഇഷ്ടമല്ല. അവർക്ക് ഇസ്രയേൽ ഇഷ്ടമല്ല. അതങ്ങനെയാണ്, അതങ്ങനെയേ പോകൂ. അവർ മാറാൻ പോകുന്നില്ല’- ട്രംപ് പറഞ്ഞു.

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാനുള്ള ജോ ബൈഡന്റ് തീരുമാനം ഡെമോക്രാറ്റിക് അട്ടിമറിയാണെന്നും അമേരിക്ക അതിലൂടെ ലോകത്തിന് മുന്നിൽ കോമാളിയായെന്നും ട്രംപ് അഭിപ്രായപ്പെട്ടു. കമലാ ഹാരിസ് പരാജയപ്പെട്ട വൈസ് പ്രസിഡന്റാണെന്നും ട്രംപ് ആരോപിച്ചു. ‘കാത്തലിക് വിശ്വാസികളായതിന്റെ പേരിൽ ഫെഡറൽ ജഡ്ജിമാരെ ഒഴിവാക്കുകയും സുപ്രീംകോടതിയിൽ തീവ്രമാർക്സിസ്റ്റ് നിലപാടുള്ളവരെ നിയമിക്കുകയും ചെയ്ത വൈസ് പ്രസിഡന്റ് ആണ് കമല. അവർ‌ വിജയിച്ചാൽ ​ഗർഭഛിദ്രത്തിന് നിയമം കൊണ്ടുവരും. ​ഗർഭപാത്രത്തിൽ നിന്ന് എട്ടാം മാസമോ ഒമ്പതാം മാസമോ ജനനത്തിന് തൊട്ടുമുമ്പോ ശിശുക്കളെ വലിച്ചുപറിച്ചെടുക്കാൻ നിയമമുണ്ടാക്കും – ജനനശേഷവും കുഞ്ഞുങ്ങളെ കൊല്ലാം’- ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ ഈ പ്രസ്താവനകളെല്ലാം കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള ഭീതി മൂലമാണെന്നും ട്രംപിന് തന്നെ തിരിച്ചടിയാവുന്നവയാണെന്നും പരക്കെ അഭിപ്രായമുയരുന്നുണ്ട്. പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസിന് സ്ഥാനാർഥിയാകാനുള്ള വഴിതെളിഞ്ഞത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തി താൻ പിന്മാറുന്നു എന്നായിരുന്നു ബൈഡൻ നൽകിയ വിശദീകരണം. കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയും കമലയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com