ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര നികുതി വർധന പ്രാബല്യത്തിൽ വരും മുൻപേ പരമാവധി കയറ്റുമതി പൂർത്തിയാക്കാൻ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ശ്രമം. ഇതോടെ, 437 ബില്യൻ ഡോളറിന്‍റെ കയറ്റുമതി എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം അടുക്കുകയാണ്. ശനിയാഴ്ച അർധ രാത്രിയാണ് പുതുക്കിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.
ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾ അഞ്ച് ചരക്ക് വിമാനങ്ങൾ നിറച്ചാണ് ആപ്പിൾ യുഎസിലേക്ക് കയറ്റി അയച്ചിരിക്കുന്നത്. നികുതി വർധന പ്രാബല്യത്തിൽ വരുമ്പോൾ ഫോണിന്‍റെ വിലയിൽ ഉണ്ടാകുന്ന വർധന കഴിയുന്നതും ഒഴിവാക്കാനാണിത്. ചൈനയിൽ നിർമിച്ച ഐഫോണുകളും സമാന രീതിയിൽ കയറ്റുമതി ചെയ്യുകയാണ്.
ഇത്തരത്തിൽ നിരവധി ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് ധൃതഗതിയിൽ കുതിച്ചുയർന്നിരിക്കുന്നത്. ആഭരണ നിർമാതാക്കളാണ് കയറ്റുമതി വർധിപ്പിച്ച മറ്റൊരു വിഭാഗം.