ജെറുസലേം: തകര്‍ന്ന ഗാസയില്‍ നിന്ന് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാന്‍ 14 വര്‍ഷമെടുക്കുമെന്ന് യു എന്‍. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തെ തുടര്‍ന്ന് 37 മില്യണ്‍ അവശിഷ്ടങ്ങളാണ് കുമിഞ്ഞു കൂടിയത്. പൊട്ടാത്ത ബോംബുകള്‍ ഉള്‍പ്പടെ ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഗസയിലെ ഒരു ചതുരശ്ര മീറ്റര്‍ പരിസരത്ത് 300 കിലോഗ്രാം അവശിഷ്ടങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗസയിലെ പ്രശ്നങ്ങള്‍ അഭിസംബബോധന ചെയ്ത് സംസാരിക്കുന്നതിനിടെ യു എന്‍ മൈന്‍ ആക്ഷന്‍ സര്‍വീസ് മേധാവി പെഹര്‍ ലോധമറും ഇത് ശരിവെച്ചിരുന്നു. ഗാസയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ 100 ട്രക്കുകള്‍ ഉപയോഗിച്ച് നീക്കിയാലും 14 വര്‍ഷമെടുക്കും ഈ അവശിഷ്ടങ്ങള്‍ നീക്കാനെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഗാസയില്‍ സൈന്യം തകര്‍ത്ത കെട്ടിടങ്ങളില്‍ 65 ശതമാനവും പാര്‍പ്പിടങ്ങളാണ്. തകര്‍ന്ന കെട്ടിടങ്ങളില്‍ സ്ഥാപിച്ച കുഴിബോംബുകള്‍, പൊട്ടാതെ ബാക്കിയായ മറ്റ് ബോംബുകള്‍ എന്നിവയുടെ ഭീഷണി കാരണം കെട്ടിടങ്ങള്‍ വൃത്തിയാക്കാനോ പുനര്‍നിര്‍മ്മിക്കാനോ സാധിക്കുന്നില്ലെന്നും ലോധമര്‍ പറഞ്ഞു.