പി പി ചെറിയാൻ
ന്യൂയോർക്ക് : മരുന്ന് നിർമാതാക്കളായ സിപ്ലയും ഗ്ലെൻമാർക്കും യുഎസ് വിപണിയിൽ നിന്ന് തങ്ങളുടെ ഉൽപന്നങ്ങൾ തിരിച്ചുവിളിക്കുന്നു. ഉൽപാദനത്തിൽ കണ്ടെത്തിയ തകരാറാണ് ഇതിന് കാരണം. ന്യൂജഴ്‌സിയിലെ സിപ്ലയുടെ അനുബന്ധ സ്ഥാപനമായ ഇപ്രട്രോപിയം ബ്രോമൈഡിന്‍റെയും ആൽബുട്ടെറോൾ സൾഫേറ്റ് ഇൻഹാലേഷൻ സൊല്യൂഷന്‍റെയും 59,244 പായ്ക്കുകളും ഗ്ലെൻമാർക്കിന്‍റെ റെസ്പിറോൾ ഇൻഹാലറുമാണ് (ബാച്ച് നമ്പർ 000018) തിരിച്ചുവിളിക്കുന്നത്.
ഉൽപാദന സമയത്ത് ‘ഷോർട്ട് ഫിൽ’ എന്ന പ്രശ്നം ഉണ്ടായതാണ് പ്രശ്നത്തിന് കാരണമായത്. അതായത്, മരുന്നിന്‍റെ നിശ്ചിയിച്ച അളവ് കുറഞ്ഞു പോയി. ചില സഞ്ചികളിൽ ദ്രാവകം ചോർന്നിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ) ആണ് തിരിച്ചുവിളിക്കൽ ആവശ്യപ്പെട്ടത്. ആസ്തമ, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്.