കീവ്: റഷ്യയുടെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ യുക്രെയ്‌ന് യു എസ് പിന്തുണ നല്കും. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച നയതന്ത്ര ദൗത്യവുമായി കീവിലെത്തയപ്പോഴാണ് പിന്തുണ അറിയിച്ചത്.
യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തി. ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് തങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്ന് 60 ബില്യണ്‍ ഡോളര്‍ സഹായമായി നീക്കിവയ്ക്കുന്ന ദീര്‍ഘകാല വിദേശ സഹായ പാക്കേജിന് യു എസ് കോണ്‍ഗ്രസ് കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു.
2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്ന്‍ ആക്രമിച്ചതിനുശേഷം കീവിലേക്ക് നാലാം തവണയാണ് ആന്റണി ബ്ലിങ്കന്‍ യാത്ര നടത്തുന്നത്. യുക്രെയ്‌നിന്റെ പ്രതിരോധത്തിനും ദീര്‍ഘകാല സുരക്ഷയ്ക്കും വേണ്ടിയുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ബ്ലിങ്കന്റെ സന്ദര്‍ശനം അടിവരയിടുന്നതെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം അവസാനത്തോടെ സഹായ പാക്കേജില്‍ ഒപ്പുവച്ചതിനുശേഷം ഭരണകൂടം ഇതിനകം 1.4 ബില്യണ്‍ ഡോളര്‍ ഹ്രസ്വകാല സൈനിക സഹായവും ആറ് ബില്യണ്‍ ഡോളര്‍ ദീര്‍ഘകാല പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
യുക്രെയ്‌നിലേക്കുള്ള യു എസ് ആയുധ കയറ്റുമതിയുടെ വേഗത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞിരുന്നു.
ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതോടെ അമേരിക്കയുടെ സഹായത്തിലുണ്ടായ കാലതാമസം കീവിലും യൂറോപ്പിലും ആശങ്കകള്‍ക്ക് കാരണമായിരുന്നു.