അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ. അമേരിക്കയിലെ ഫുഡ് ആൻ്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം നൽകിയ റിപ്പോർട്ടിൽ മരുന്നുകളുടെ ഉൽപ്പാദനത്തിൽ പിഴവ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഡോ റെഡ്ഡിസ് ലബോറട്ടറീസ്, സൺ ഫാർമ, അരബിന്ദോ ഫാർമ എന്നീ കമ്പനികളാണ് മരുന്നുകൾ പിൻവലിച്ചത്.
മുതിർന്നവരിലും കുട്ടികളിലും രക്തത്തിൽ അടങ്ങിയിരിക്കുന്ന ഫിനൈഅലനീൻ അളവ് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നിൻ്റെ 20000 കാർട്ടണുകളാണ് ഡോ റെഡ്ഡിസ് ലബോറട്ടറീസ് പിൻവലിച്ചത്. സാപ്രോപ്ടെറിൻ ഡിഹൈഡ്രോക്ലോറൈഡ് മരുന്നും ഇതേ കാരണത്താൽ കമ്പനി പിൻവലിച്ചിട്ടുണ്ട്. വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന തകരാറുകൾ (ക്ലാസ് 1) കണ്ടെത്തിയതിനെ തുടർന്നാണിത്. സൺഫാർമ 11016 ആംഫോടെറിസിൻ ബി ലിപോസം എന്ന ഇഞ്ചക്ഷൻ വയലുകൾ പിൻവലിച്ചിട്ടുണ്ട്. അമേരിക്കൻ വിപണിയിൽ ഫംഗൽ ഇൻഫെക്ഷനുള്ള മരുന്നാണിത്. മരുന്ന് രോഗശാന്തി നൽകുന്നില്ലെന്ന കാരണമാണ് ഇതിന് പിന്നിൽ.
ക്ലോറസെപേറ്റ് ഡൈപൊട്ടാസ്യം മരുന്നിൻ്റെ 13605 ഗുളികകളാണ് അരബിന്ദോ ഫാർമ പിൻവലിച്ചത്. Anxiety നിയന്ത്രിക്കുന്നതിനുള്ളതാണ് ഈ മരുന്നത്. മരുന്ന് പാക്ക് ചെയ്ത കണ്ടെയ്‌നറിന് തകരാറുണ്ടെന്ന കാരണമാണ് അരബിന്ദോ ഫാർമ മരുന്ന് പിൻവലിക്കാൻ കാരണം. എഫ്‌ഡിസി ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ 382104 യൂണിറ്റ് ടൈമലൽ മലേറ്റ് ഒഫ്‌താൽമിക് സൊല്യൂഷൻ എന്ന ഗ്ലൂക്കോമ രോഗത്തിൻ്റെ മരുന്ന് പിൻവലിച്ചിട്ടുണ്ട്.
ലോകത്തെ തന്നെ ഫാർമസ്യൂട്ടിക്കൽ വിപണിയിൽ ഏറ്റവും വലുതാണ് അമേരിക്കയിലേത്. 2019 ലെ കണക്ക് പ്രകാരം ഈ വിപണിക്ക് 115.2 ബില്യൺ ഡോളർ വലുപ്പമുണ്ട്.