പി പി ചെറിയാൻ
ന്യൂയോർക്ക് : ജൂൺ ആറിന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ “ലോൺ വുൾഫ്” ആക്രമണത്തിന് സാധ്യതയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഐഎസ്ഐഎസ്-കെ ആക്രമണത്തിന് ആഹ്വാനം ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് കർശന സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. കുടൂതൽ പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വിപുലമായ നിരീക്ഷണം, സമഗ്രമായ സ്ക്രീനിങ് എന്നിവയുൾപ്പെടെ കർശന സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്താൻ ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് തീരുമാനിച്ചുണ്ട്.
ഐസൻഹോവർ പാർക്കിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ശാഖയായ ഐസിസ്-ഖൊറാസനാണ് ആക്രമണത്തിന് ലക്ഷ്യമിടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. “ലോൺ വുൾഫ്” ആക്രമണം അതായത് ഒറ്റയ്ക്ക് ആരെങ്കിലുമെത്തി ആക്രമണം നടത്തുന്ന രീതിയാണ് പദ്ധതിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ കാര്യമായ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ കർശന സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചതായും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.