ഷിക്കാഗോ: സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി സ്ഥാനരോഹണത്തിനു ശേഷം ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിൻ്റെ പ്രത്യേക ക്ഷണപ്രകാരം രുപതാ സന്ദർശനത്തിനെത്തുന്ന സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഷിക്കാഗോ രുപതയുടെ മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരും ഒത്തുചേർന്ന് ഊഷ്മളമായ വരവേൽപ് നൽകുന്നു.
ജൂലൈ ആറാം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് മാർ തോമാ സ്ലീഹാ കത്തീഡ്രൽ അങ്കണത്തിൽ മേജർ ആർച്ച് ബിഷപ്പിനെ താലപ്പൊലിയുടെയും, ചെണ്ടമേളങ്ങളുടെയും , മൂത്തുക്കുടകളുടെയും അകമ്പടിയോടെ ദേവാലയ അങ്കണത്തിലേയ്‌ക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് 10.30ന് അഭിവന്ദ്യ പിതാക്കന്മാരും വൈദികരും ചേർന്ന് ആഘോഷമായി സമൂഹബലി അർപ്പിക്കും. ദിവ്യബലിക്ക് ശേഷം അനുമോദനയോഗവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി ഷിക്കാഗോ രുപത സന്ദർശനത്തിനെത്തുന്ന അഭിവന്ദ്യ മാർ റാഫേൽ പിതാവിൻ്റെ അനുഗ്രഹീത സാനിദ്ധ്യത്തിലേക്ക് രുപതയിലെ എല്ലാ സഭാതനയരെയും (വൈദികർ, സമർപ്പിതർ, ഇടവക കൈക്കാരൻമാർ, രുപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, അൽമായർ) സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി രുപതാ അദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും രുപതാ കുരിയാ അംഗങ്ങളും ആലോചനാ സംഘവും അറിയിച്ചു. എല്ലാ ദൈവമക്കളും ഭക്തിപൂർവ്വം ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സവിനയം രുപതാദ്ധ്യക്ഷൻ മാർ ജോയിആലപ്പാട്ട് അഭ്യർത്ഥിക്കുന്നു.