ന്യൂയോർക്ക്: ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. വിക്ഷേപണത്തിന് ഏകദേശം 4 മിനിറ്റിന് മുൻപ് അറ്റ്ലസ് റോക്കറ്റിലെ കമ്പ്യൂട്ടർ സിസ്റ്റം വിക്ഷേപണം നിർത്താൻ സന്ദേശം നൽകിയതിനെ തുടർന്നാണ് തീരുമാനം. റോക്കറ്റിലെ മൂന്ന് കമ്പ്യൂട്ടർ സിസ്റ്റത്തിലെ ഒരെണ്ണത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറിയിപ്പ്. മെയ് 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനായിരുന്നു തീരുമാനം. പിന്നീട്, മെയ് 21 ലേക്ക് മാറ്റി. സ്റ്റാർ ലൈനറിന്‍റെ സർവീസ് മോഡ്യൂളിൽ ഹീലിയം വാതക ചോർച്ച കണ്ടതിനെ തുടർന്നാണ് അന്ന് വിക്ഷേപണം നീട്ടിയത്. യാത്രികരായ ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും തയാറെടുപ്പുകൾ തുടരും.
റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ആദ്യം വിക്ഷേപണം മാറ്റിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ച ശേഷമായിരുന്നു ഈ മാറ്റം. 2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശത്തേക്ക് പറന്ന സുനിത വില്യംസ്, 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശത്ത് നടന്ന റെക്കോർഡും സുനിതയ്ക്ക് സ്വന്തമായിരുന്നു. 10 തവണ നടന്ന പെഗ്ഗി വിറ്റ്സണ്‍ പിന്നീട് ആ റെക്കോർഡ് മറികടന്നു.