ദുബായ് : ഒമാൻ ഉൾക്കടലിൽ ഇറാൻ നാവികസേന വ്യാഴാഴ്ച പിടിച്ചെടുത്ത എണ്ണക്കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാർ. ഇവരിൽ എറണാകുളം കൂനമ്മാവ് പുതുശേരി എഡ്വിൻ (27), കപ്പലിലെ ഫോർത്ത് ഓഫിസറായ കടവന്ത്ര പള്ളിപ്പറമ്പിൽ വീട്ടിൽ ജിസ്മോൻ ജോസഫ് (31), ഫോർത്ത് എൻജിനീയർ മലപ്പുറം ചുങ്കത്തറ കോട്ടേപ്പാടം തടത്തേൽ സാം സോമൻ (29) എന്നിവരാണു മലയാളികൾ. കുവൈത്തിൽനിന്ന് യുഎസിലെ ഹൂസ്റ്റണിലേക്കു യാത്രതിരിച്ച ‘അഡ്വാന്റേജ് സ്വീറ്റ്’ എന്ന എണ്ണക്കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്.
പസിഫിക് മേഖലയിലെ മാർഷൽ ഐലൻഡ്സിൽ ചൈനീസ് ഉടമസ്ഥതയിൽ റജിസ്റ്റർ ചെയ്ത കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തതായാണു വിവരം. ഒരു ബോട്ടിൽ ഇടിച്ചശേഷം നിർത്താതെ പോകാൻ ശ്രമിച്ചപ്പോൾ കപ്പൽ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇറാന്റെ വാദം. ബോട്ടിലുണ്ടായിരുന്ന 2 പേരെ കാണാതാകുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈയിലെ നോർത്തേൺ മറൈൻ ഷിപ്പിങ് കമ്പനിയിൽനിന്നാണ് എഡ്വിന്റെയും ജിസ്മോന്റെയും സാമിന്റെയും വീടുകളിൽ വിളിച്ചു വിവരം അറിയിച്ചത്. ജീവനക്കാരെ ബന്ധപ്പെടാനായിട്ടില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. കപ്പൽ ഇറാൻ നാവികസേനയുടെ പിടിയിലാകുന്നതിനു മണിക്കൂറുകൾക്കു മുൻപു ജിസ്മോൻ വീട്ടിലേക്കു വിളിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞയാഴ്ച പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കിയതിനു പിന്നാലെയാണ് ഇറാന്റെ നടപടി.