ന്യൂജേഴ്സി : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ നോര്‍ത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കണ്‍വന്‍ഷന് പഴ്സിപ്പനിയിലെ ഹിൽട്ടൺ ഹോട്ടലിൽ തുടക്കമായി. 23 ന് കൺവൻഷൻ സമാപിക്കും.
കൺവൻഷൻ അഭിവദ്യ കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്റെ ചിന്തകളും മാര്‍ഗ്ഗവും പുതുതലമുറയ്ക്കും വെളിച്ചം പകരുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എപ്പാര്‍ക്കിയുടെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സ്റ്റെഫാനോസ് തിരുമേനി സ്വാഗതം ആശംസിച്ചു. ക്രിസ്തുവിലും വിശുദ്ധ പാരമ്പര്യങ്ങളിലും വേരൂന്നി, എന്ന ബൈബിള്‍ വചനമാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷനന്റെ മുഖ്യ ചിന്താവിഷയം.
എണ്ണൂറിലധികം പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. പ്രധാന പ്രഭാഷകനായി പ്രശസ്ത ബൈബിള്‍ പ്രഘോഷകനായ ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍ പങ്കുചേരും. കൂടാതെ അമേരിക്കയിലെ മറ്റ് റിസോഴ്‌സ് പേഴ്‌സണ്‍സും പങ്കെടുക്കും. വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഇത്തരം കൂട്ടായ്മകള്‍ വലിയ മാതൃകയാണെന്ന് അമേരിക്കയിലെ മലങ്കര എപ്പാര്‍ക്കിയുടെ അധ്യക്ഷന്‍ ഡോ ഫിലിപ്പോസ് മാര്‍ സ്റ്റെപ്പാനോസ് തിരുമേനി പറഞ്ഞു.
കണ്‍വന്‍ഷന്റെ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സുനില്‍ ചാക്കോ പരിചയപ്പെടുത്തി. കണ്‍വെന്‍ഷന്റെ മാര്‍ഗ്ഗരേഖകളും മറ്റു വിശദാംശങ്ങളും വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ അഗസ്റ്റിന്‍ മംഗലത്ത് പങ്കുവച്ചു.
അമേരിക്ക-കാനഡ ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത രക്ഷാധികാരിയായും, മോണ്‍.അഗസ്റ്റിന്‍ മംഗലത്ത് കോര്‍ എപ്പിസ്‌ക്കോപ്പ, മോണ്‍. പീറ്റര്‍ കൊച്ചേരി കോര്‍-എപ്പിസ്‌ക്കോപ്പ, മോണ്‍. ഡോ.ജിജി ചരിവുപുരയിടം, റവ.ഡോ. സജി മുക്കൂട്ട്, മി.സുനില്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായ് പ്രവര്‍ത്തിച്ചു വരികയാണ്.
ന്യൂയോര്‍ക്കിലെ എല്‍മോണ്ട് ഇടവക അവതരിപ്പിക്കുന്ന സാമൂഹ്യ-സംഗീത നാടകം ‘ജീവന്റെ ബലി’ കണ്‍വന്‍ഷനില്‍ അരങ്ങേറും. യുവജനങ്ങള്‍ക്കായ് വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ വി.കുര്‍ബാനയോടെ ആരംഭിക്കുകയും, തുടര്‍ന്ന് വിവിധ പ്രായങ്ങളിലുള്ളവര്‍ക്കായി വേര്‍തിരിച്ചുള്ള സെമിനാറുകളും പാനല്‍ ചര്‍ച്ചാക്ലാസുകളും നടത്തപ്പെടും.
ഇടവക പ്രതിനിധികള്‍ക്കായുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗ്, മതാദ്ധ്യാപക സമ്മേളനം, വൈദിക സംഗമം, വൈകുന്നേരം വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. മുതിര്‍ന്നവര്‍ക്കായുള്ള വിവിധ സെഷനുകള്‍ക്ക് ഡോ.തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയും വചന പ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും നേതൃത്വം നല്‍കും.
23 ഞായറാഴ്ച രാവിലെ സഭാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും മറ്റു പിതാക്കന്‍മാരുടെ സഹകാര്‍മ്മികത്വത്തിലും സമൂഹബലി നടക്കും.
കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായോടൊപ്പം പാറശ്ശാല രൂപതാദ്ധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസ് എപ്പിസ്‌ക്കോപ്പ, സീറോ മലബാര്‍ സഭ ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, തിരുവല്ല അതിരൂപത വികാരി ജനറാള്‍ മോണ്‍.റവ.ഡോ. ഐസക് പറപ്പള്ളില്‍, തിരുവനന്തപുരം മൗണ്ട് കാര്‍മ്മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ റവ.ഫാ.ദാനിയേല്‍ പൂവണ്ണത്തില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.