ദില്ലി: ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാൻ അമേരിക്കയോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ പന്നു ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളും കൈമാറി. തുടർച്ചയായി ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത് അമേരിക്കയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും നടപടികൾ തുടരുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡിസംബര്‍ പതിമൂന്നിന് മുമ്പ് പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുകയെന്നും തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറഞ്ഞിരുന്നു.
പാര്‍ലമെന്റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ പോസ്റ്റർ ഉപയോഗിച്ചായിരുന്നു വീഡിയോ. കഴിഞ്ഞ നവംബര്‍ 19ന് എയർ ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കി.
അമേരിക്കൻ പൗരനായ ഖലിസ്ഥാൻ തീവ്രവാദിയാണ് ഗുർപത്വന്ത് സിംഗ് പന്നു. ഇയാളെ വധിക്കാൻ ഇന്ത്യയുടെ അറിവോടെ ന്യൂയോർക്കിൽ നീക്കങ്ങളുണ്ടായെന്ന് നേരത്തെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാൻഹട്ടൻ കോടതിയെ യുഎസ് ഡിപാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ച വിവരങ്ങളാണ് പുറത്തുവന്നത്. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് പദ്ധതി തയ്യാറാക്കിയതെന്ന് അമേരിക്കൻ റിപ്പോർട്ടിൽ പറയുന്നു. മുമ്പ് സിആർപിഎഫിലായിരുന്നു എന്ന് ഇയാൾ പറയുന്നതിൻറെ തെളിവുണ്ടെന്നും അമേരിക്ക അവകാശപ്പെടുന്നു.
ഗുജറാത്തിലെ കേസുകളിൽ പ്രതിയായ നിഖിൽ ഗുപ്ത എന്ന 52കാരനെയാണ് ഈ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വാടകക്കൊലയാളിയായി നിയോഗിച്ചത്. ന്യൂയോർക്കിൽ കൊലപാതകം നടത്താനുള്ള നീക്കം യുഎസ് ഏജൻസികൾ ചെറുത്തെന്നാണ് വിശദീകരണം. നിഖിൽ ഗുപ്തയെ പിന്നീട് ചെക്ക് റിപ്പബ്ളിക്കിൽ നിന്ന് അറസ്റ്റു ചെയ്തു. ഗുജറാത്തിലെ കേസുകൾ ഒതുക്കി തരാമെന്ന് തൻറെ ബോസ് ഉറപ്പ് നൽകിയതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്തയെ അറിയിച്ചിരുന്നതായും യുഎസ് പറയുന്നു. അമേരിക്ക ഈ വിഷയത്തിൽ നൽകിയ റിപ്പോർട്ട് അന്വേഷിക്കാൻ ഇന്ത്യ ഉന്നതതല സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.