കലിഫോർണിയ : കലിഫോർണിയയിൽ നാലു മക്കളെയും ഭാര്യയുടെ അമ്മയെയും കൊലപ്പെടുത്തിയ യുവാവ് കുറ്റക്കാരനാണെന്ന് കോടതി. 2021 നവംബറില്‍ ജെർമർക്കസ് അഞ്ചു പേരെയും ക്രൂരമായി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളുടെ മരണത്തെത്തുടർന്ന് ജെർമർക്കസ് ലാമർ ഡേവിഡിനെതിരെ (32) അഞ്ചു പേരുടെ കൊലക്കുറ്റത്തിനും ഒരു കുട്ടിക്ക് നേരെ ആക്രമണം നടത്തിയതിനും കേസെടുത്തിരുന്നു.
2021 നവംബർ 28 ന് ലങ്കാസ്റ്ററിലെ കുടുംബവീട്ടിൽ വച്ച് നമിയ ഡേവിഡ് (11), ജെർമർക്കസ് ഡേവിഡ് ജൂനിയർ (7), കേഡൻ ഡേവിഡ് (2), നോഹ ഡേവിഡ് (1), കുട്ടികളുടെ മുത്തശ്ശി എറിക്ക ഇംഗ്ലണ്ട് (51) എന്നിവരെ ഡേവിഡ് വെടിവച്ചു കൊല്ലുകയായിരുന്നു. എറിക്ക 1997 മുതൽ ലൊസാഞ്ചലസ് കൗണ്ടിയിലെ കലിഫോർണിയ സ്റ്റേറ്റ് ജയിലിൽ ജോലി ചെയ്തു വരികയായിരുന്നു. ആക്രമണം നടക്കുമ്പോൾ കുട്ടികളെ നോക്കിയിരുന്നത് ഇവരായിരുന്നു. എറിക്കയുടെ മകൾ വീട്ടിൽ എത്തിയപ്പോൾ സ്വന്തം കുട്ടികളും അമ്മയും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. വെടിയേറ്റ എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
നേരത്തെ ഡേവിഡ് സെക്യൂരിറ്റി ഗാർഡായി ജോലി നോക്കിയിരുന്നു. വെടിവയ്പ്പ് നടക്കുന്ന സമയത്ത് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു. ‘സങ്കൽപ്പിക്കാനാകാത്ത നഷ്ടമാണ് കുട്ടികളുടെ അമ്മ അനുഭവിച്ചത്. ഇത്തരം നഷ്ടത്തിന്റെ തെളിവുകൾ പരിശോധിക്കുന്നതിലെ വൈകാരിക വെല്ലുവിളി വളരെ വലുതാണ്. ജെർമർക്കസ് ഡേവിഡ് ഇനി ഒരിക്കലും നിരപരാധികളെ ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കേസിൽ നീതി തേടിയ ജൂറിയോടും വിദഗ്ധരായ അഭിഭാഷകരോടും ഞാൻ നന്ദിയുള്ളവനാണ്’ ലൊസാഞ്ചലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ജോർജ് ഗാസ്‌കോൺ വ്യക്തമാക്കി. ഏപ്രിൽ 24ന് ഡേവിഡിന് ശിക്ഷവിധിക്കും.