സൗത്ത് കാരോലൈന: മുറിയിലെ ഹീറ്ററിലെ താപനില 537 ഡിഗ്രി സെൽഷ്യസിൽ എത്തിയതിനെ തുടർന്ന് വൃദ്ധ ദമ്പതികൾ വീട്ടിൽ വച്ച് മരിച്ചു. ശനിയാഴ്ച സൗത്ത് കാരോലൈനയിലെ വീട്ടിൽ നിന്ന് ജോവാൻ ലിറ്റിൽജോൺ (84), ഗ്ലെൻവുഡ് ഫൗളർ (82) എന്നിവരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തത്. ജനുവരി 3 മുതൽ വൃദ്ധ ദമ്പതികളെ കാണാതായി എന്ന് പരാതി ലഭിച്ചതോടെയാണ് സൗത്ത് കാരോലൈനയിലെ സ്പാർട്ടൻബർഗിലെ വീട്ടിൽ പരിശോധനയ്ക്കായി പൊലീസ് എത്തിയത്.
ജനലിലൂടെ വീട്ടിനുള്ളിൽ കടന്ന പൊലീസ് ഉദ്യോഗസ്ഥർ, വീട്ടിൽ കടുത്ത ചൂടുള്ളതായി ശ്രദ്ധിച്ചു. ഫൗളറെയും ഭാര്യയെയും അവരുടെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിൽ മനുഷ്യശരീരത്തിൽ അളക്കാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്. അഗ്നിശമന സേനാംഗങ്ങള്‍ വീട്ടിലെ ഹീറ്ററിന് തീപിടിച്ചതായി ആദ്യം കരുതി. പക്ഷേ പരിശോധനയിൽ അത് 537 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിക്കുകയായിരുന്നു. ഇതോടെയാണ് അവർ ഹീറ്റർ ഓഫ് ചെയ്തത്.