കലിഫോർണിയ: ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് തയ്യാറാക്കിയ ‘ലോകത്തിലെ ഏറ്റവും മികച്ച’ വിദ്യാർഥികളുടെ പട്ടികയിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി 9 വയസ്സുകാരി പ്രീഷ ചക്രവർത്തി ഇടം നേടി. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള 16,000ലധികം വിദ്യാർഥികളുടെ ഗ്രേഡ്-ലെവൽ പരീക്ഷകളുടെ ഫലങ്ങൾ വിലയിരുത്തിയാണ് പ്രീഷയെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് അറിയിച്ചു. കലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിങ് എലിമെന്‍ററി സ്‌കൂൾ വിദ്യാർഥിനിയാണ് പ്രീഷ.
2023 ൽ യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് നടത്തിയ ടെസ്റ്റിൽ പ്രീഷ പങ്കെടുത്തിരുന്നു. ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് അംഗീകരിച്ച ‘ലോകത്തിലെ ഏറ്റവും മികച്ച’ വിദ്യാർഥികളുടെ പട്ടികയിൽ 13 വയസ്സുള്ള ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി നതാഷ പെരിയനായഗം തുടർച്ചയായി രണ്ടാം വർഷവും ഇടം നേടിയിട്ടുണ്ട്.
ന്യൂജഴ്സിയിലെ ഫ്ലോറൻസ് എം ഗൗഡിനീർ മിഡിൽ സ്‌കൂളിൽ പഠിക്കുന്ന പെരിയനായഗം, 2021ൽ ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് ടെസ്റ്റിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ അമേരിക്കയിൽ വിദ്യാഭ്യാസത്തിൽ മികവ് പുലർത്തുന്നതിന് പ്രശസ്തി നേടിയിട്ടുണ്ട്. സ്‌ക്രിപ്‌സ് നാഷനൽ സ്പെല്ലിങ് ബീ മത്സരത്തിൽ രാജ്യത്തുടനീളമുള്ള കുട്ടികളിൽ ഫൈനൽ റൗണ്ടുകളിൽ എത്തുകയും ചാംപ്യൻഷിപ്പുകൾ സ്വന്തമാക്കുകയും ചെയ്യുന്നതിലും ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ മുന്നിലാണ് .