വാഷിങ്ടൻ : ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് (ഐഎസ്എസ്) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി. നേരത്തേ ജൂൺ 18ന് തിരിച്ചുവരാനാണു ലക്ഷ്യമിട്ടിരുന്നത്.
ALSO READ
പൊലീസ് യൂണിഫോമിൽ അച്ഛന്റെ സല്യൂട്ട്; മനം നിറഞ്ഞ് തെലങ്കാനയിലെ ഐഎഎസുകാരി മകൾ
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചത്. സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശ നിലയത്തിൽ 4 ദിവസം കൂടുതലായി ചെലവിടേണ്ടിവരും. മടക്കയാത്ര നീട്ടിയതോടെ മൊത്തം ദൗത്യം രണ്ടാഴ്ചയിലേറെയാകും. ബഹിരാകാശ പേടകം പുറപ്പെടുന്നതിനു മുൻപു നാസ ഉദ്യോഗസ്ഥർ തെക്കുപടിഞ്ഞാറൻ യുഎസിലെ ലാൻഡിങ് സ്ഥലങ്ങളുടെ കാലാവസ്ഥാ സ്ഥിതിഗതികൾ വിലയിരുത്തും.
ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസിനെയാണു ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഇവയെ സൂപ്പർബഗ് എന്നു വിളിക്കുന്നു. എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നു ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.