വ്ലാഡിവോസ്റ്റോക് (റഷ്യ) : കാമുകിയുടെ പഴ്സിൽനിന്ന് പണമെടുക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുഎസ് സൈനികന് റഷ്യൻ കോടതി 4 വർഷത്തോളം തടവുശിക്ഷ വിധിച്ചു. ഇതോടെ ദക്ഷിണകൊറിയയിൽ നിന്നു തുടങ്ങിയ ഗോർഡൻ ബ്ലാക്കിന്റെ (34) പ്രണയകഥയ്ക്ക് കോടതിമുറിയിൽ അന്ത്യമായി.
ടെക്സസിൽ ഭാര്യയും കുഞ്ഞുമുള്ള ഗോർഡൻ ബ്ലാക്ക് ദക്ഷിണകൊറിയയിൽ വച്ച് അലക്സാൻഡ്ര വാഷ്ചുക്ക് എന്ന റഷ്യൻ യുവതിയുമായി പ്രണയത്തിലായി. അവളുടെ പഴ്സിൽ നിന്ന് 113 ഡോളർ (ഏകദേശം 9500 രൂപ) കവർന്ന് മുങ്ങിയ ഇയാൾ പണം തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി. കഴിഞ്ഞ മേയ് 2ന് റഷ്യയിൽ പൊലീസിന്റെ പിടിയിലായി. കേസ് കോടതിയിലെത്തിയപ്പോൾ പണം തിരിച്ചുനൽകാൻ കോടതി ഉത്തരവിട്ടു. ഒപ്പം വഞ്ചനയ്ക്ക് 3 വർഷവും 9 മാസവും തടവുശിക്ഷയും വിധിച്ചു.