പി പി ചെറിയാൻ
വാഷിങ്‌ടൻ ഡിസി : ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയും നിലവിലെ യുഎസ് പ്രസിഡന്‍റുമായ ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബൈഡന് പകരം നിലവിലെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഹാരിസിനൊപ്പം വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി മാർക്ക് കെല്ലി (ഡി-അരിസ്.), കെന്‍റക്കി ഗവർണർ ആൻഡി ബെഷിയർ, കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും മിഷിഗൻ ഗവർണർ ഗ്രെച്ചൻ വിറ്റ്‌മറും ഉൾപ്പെടെയുള്ളവരുടെ പേരുകൾ സംബന്ധിച്ച ചർച്ചകളിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് അംഗം ചക്ക് ഷുമർ ,ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് എന്നിവർ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ബൈഡനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം ഡെമോക്രാറ്റിക് സെനറ്റർമാരും ഹൗസ് അംഗങ്ങളും ബൈഡന് വിജയസാധ്യതയുള്ളതായി കരുതുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.