പി പി ചെറിയാൻ
ഹൂസ്റ്റൺ : ഹാരിസ് കൗണ്ടിയിൽ ഏഴു പേരിൽ വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചു. 500-ലധികം കൊതുകുകൾ വെസ്റ്റ് നൈൽ വൈറസിന് പോസിറ്റീവാണെന്നും ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് അറിയിച്ചു.
യുഎസിലെ മൊത്തം വെസ്റ്റ് നൈൽ വൈറസ് കേസുകളുടെ നാലിലൊന്ന് വരുന്ന ആറ് കൗണ്ടികളിൽ ഒന്നായി ആണ്ഹാരിസ് കൗണ്ടിയെ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് പട്ടികപ്പെടുത്തിയിരിക്കുന്നത്. അമിതമായ മഴയും ഉയർന്ന താപനിലയുമാണ് കൊതുക് പരത്തുന്ന രോഗങ്ങൾ പടരുന്നതിന് കാരണമായതെന്ന് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ബെറിൽ ചുഴലിക്കാറ്റിന് ശേഷമാണ് വെസ്റ്റ് നൈൽ വൈറസ് കേസുകളുടെ വർധനവ് ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് കണ്ടെത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ വെസ്റ്റ് നൈൽ വൈറസ് പോസിറ്റീവ് കൊതുകളെയും കണ്ടെത്തിയിട്ടിണ്ട്. ടെസ്റ്റിങ് രീതിയിലെ പുരോഗതിയാണ് പോസിറ്റീവ് കേസുകളുടെ വർധനവിന് കാരണമെന്ന് ഹാരിസ് കൗണ്ടിയുടെ കൊതുക്, വെക്റ്റർ കൺട്രോൾ ഡിവിഷൻ ഡയറക്ടർ മാക്സ് വിജിലന്റ് പറഞ്ഞു.
വെസ്റ്റ് നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് നൽകാറുള്ളത്. രോഗബാധിതരായ അഞ്ചിൽ ഒരാൾക്ക് മാത്രമേ പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടാകൂ എന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. രോഗ പ്രതിരോധം ഇപ്പോഴും നിർണായകമാണെന്ന് ഹാരിസ് കൗണ്ടിയുടെ പ്രാദേശിക ആരോഗ്യ അതോറിറ്റി ഡോ. എറിക്ക ബ്രൗൺ പറഞ്ഞു.