പി പി ചെറിയാൻ
വാഷിങ്ടൻ ഡിസി : അമേരിക്കൻ മണ്ണിൽ രാഷ്ട്രീയ കൊലപാതകം ആസൂത്രണം ചെയ്തതിന് അറസ്റ്റിലായ പാക്കിസ്ഥാൻ പൗരനെ ഇമിഗ്രേഷൻ പരോൾ വഴി യുഎസിലേക്ക് പ്രവേശിപ്പിച്ചു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ ഉന്നത അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ പൗരനായ (46) ആസിഫ് റാസ മർച്ചന്റിനെ എഫ്ബിഐ കസ്റ്റഡിയിലെടുത്തത്. അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ഓഗസ്റ്റ് 7ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
“സുരക്ഷാ താൽപ്പര്യങ്ങൾ” പരിഗണിച്ചാണ് ആസിഫിന്റെ പരോൾ എഫ്ബിഐ സ്പോൺസർ ചെയ്തതെന്ന് നിയമപാലക വൃത്തങ്ങൾ അറിയിച്ചു. ഇറാനുമായി ആസിഫിന് ബന്ധമുണ്ടെന്നാണ് ആരോപണം. 2020ൽ ഇറാന്റെ റെവല്യൂഷനറി ഗാർഡ്‌സിന്റെ ടോപ്പ് കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇയാൾ കൊലപാതക ഗൂഢാലോചന നടത്തിയതെന്ന് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പ്രസ്താവനയിൽ പറയുന്നു. മുൻ യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് ആയിരുന്നു ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടത്.
ഏപ്രിലിൽ യുഎസിലെ ഹൂസ്റ്റണിലെത്തിയ ആസിഫ് തന്നെ സഹായിക്കുമെന്ന് കരുതി ഒരു വ്യക്തിയോട് പദ്ധതിയെക്കുറിച്ച് സൂചന നൽകി. എന്നാൽ സഹായിക്കുമെന്ന് കരുതിയ വ്യക്തി ആസിഫിന്റെ പദ്ധതികളെ കുറിച്ച് പൊലീസിനെ അറിയിച്ചു. ജൂലൈ 12ന് യുഎസിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആസിഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.