കാലിഫോർണിയ: തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ഇറാൻ ഹാക്ക് ചെയ്തതായി യു.എസ് പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇറാനിയൻ സർക്കാർ രേഖകൾ മോഷ്ടിച്ച് വിതരണം ചെയ്തെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പ്രചാരണ സംഘം ശനിയാഴ്ച അറിയിച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെടാനുള്ള വിദേശ ശ്രമങ്ങളെ കുറിച്ച് മൈക്രോസോഫ്റ്റ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ആരോപണം.
തെരഞ്ഞെടുപ്പിൽ അരാജകത്വം സൃഷ്ടിക്കാനാണിതെന്ന് പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ് പറഞ്ഞു. ട്രംപ് തങ്ങളുടെ ഭീകരവാഴ്ച അവസാനിപ്പിക്കുമെന്ന് ഇറാന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ തങ്ങളുടെ വെബ്‌സൈറ്റുകളിലൊന്ന് ഹാക്ക് ചെയ്തെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതായി ട്രംപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. എന്നാൽ അവർക്ക് പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപുമായി തെഹ്റാന് മോശം ബന്ധമാണ് ഉള്ളത്. അദ്ദേഹം പ്രസിഡൻറായിരിക്കെ, 2020ൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചിരുന്നു.
ജൂലൈയിൽ ട്രംപിനെതിരായ വധശ്രമത്തിലെ പ്രതിക്ക് ഇറാനുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ട്രംപിനെതിരെ ഇറാനിയൻ ഗൂഢാലോചന യു.എസ് ഇൻ്റലിജൻസ് കണ്ടെത്തിയതായി കഴിഞ്ഞ മാസം സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചിരുന്നു.