പി. പി. ചെറിയാൻ
ന്യൂയോർക് : യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് മുൻ വൈറ്റ് ഹൗസ് സാമ്പത്തിക വിദഗ്ധൻ. ഹാരിസിന്റെ അജണ്ട 1929ൽ അമേരിക്ക നേരിട്ട സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് കെവിൻ ഹാസെറ്റിന്റെ മുന്നറിയിപ്പ്.
2030-ഓടെ രാജ്യത്തെ കാർബൺ ന്യൂട്രലാക്കുമെന്ന ‘ഗ്രീൻ ന്യൂ ഡീൽ’ പോലുള്ള പദ്ധതികൾ മാന്ദ്യത്തിന് കാരണമാകും. വൈദ്യുതിയുടെ 75 ശതമാനവും ലഭിക്കുന്നത് ഫോസിൽ ഇന്ധനങ്ങൾ വഴിയാണ്. ഈ സാഹചര്യത്തിൽ കാർബൺ ന്യൂട്രലാക്കുന്ന പദ്ധതികൾ അവതരിപ്പിച്ചാൽ ഇത് സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് ഹാസെറ്റ് പറയുന്നു.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നിർദ്ദേശമായ് 2019 ലാണ് ഹാരിസ് സെനറ്ററായി ഗ്രീൻ ന്യൂ ഡീലുമായ് എത്തുന്നത്. ഇതിനായ് പെട്രോളിയം, എണ്ണ അല്ലെങ്കിൽ പ്രകൃതി വാതകം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഡ്രില്ലിങ് രീതിയായ ഫ്രാക്കിങ് നിരോധിക്കുന്നതായ് ഹാരിസ് പറഞ്ഞിരുന്നു. അതേസമയം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായതിനു ശേഷം രാജ്യവ്യാപകമായ ഫ്രാക്കിങ് നിരോധനത്തിനുള്ള പിന്തുണയും ഹാരിസ് പിൻവലിച്ചിരുന്നു.