വാഷിങ്ടൺ: ചരക്കുകപ്പൽ ഇടിച്ച് അമേരിക്കയിലെ ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നായ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. പാലം തകർന്നതിനെ തുടർന്ന് നിരവധി ആളുകളും വാഹനങ്ങളും നദിയിലേക്ക് വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. കപ്പൽ പാലത്തിന്റെ തൂണിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു.
അപകടം നടക്കുമ്പോൾ നിരവധി ആളുകളും വാഹനങ്ങളും പാലത്തിലുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇനിയും വ്യക്തമല്ല. അപകടത്തിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.7 കി.മീ ദൂരത്തില്‍ നാലുവരിയാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം. കപ്പലിടിച്ച് പാലം തകരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.