വാഷിങ്‌ടൻ : യുക്രെയ്ന് പുതിയ സൈനിക പാക്കേജ് പ്രഖ്യാപിച്ച് യുഎസ്. 125 മില്യൺ ഡോളർ മൂല്യമുള്ള സൈനിക പാക്കേജിൽ വ്യോമാക്രമണ പ്രതിരോധ മിസൈലുകൾ, ഡ്രോൺ പ്രതിരോധ ഉപകരണങ്ങൾ, ടാങ്കുകൾ തകർക്കാനുള്ള മിസൈലുകൾ, വെടിമരുന്ന് എന്നിവ ഉൾപ്പെടുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്ൻ ജനതയ്‌ക്കുള്ള യുഎസിന്റെ സുസ്ഥിരമായ പിന്തുണ ബൈഡൻ വീണ്ടും ഉറപ്പുനൽകിയെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
യുക്രെയ്ന് പുതിയ സൈനിക പാക്കേജ് അനുവദിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിൽ അറിയിച്ചുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നഗരങ്ങൾ, സമൂഹങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് വ്യോമപ്രതിരോധ സംവിധാനങ്ങൾ യുക്രെയ്ന് അത്യന്താപേക്ഷിതമാണെന്ന് സെലെൻസ്കി വ്യക്തമാക്കി.