വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകര്‍ന്നുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായി അമേരിക്കൻ കോസ്റ്റ് ഗാർഡ്. അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന.തെരച്ചിൽ താൽകാലികമായി നിർത്തിവച്ചതായും അധികൃതർ അറിയിച്ചു.
കപ്പലിനുണ്ടായ വൈദ്യുതി തടസമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് മുമ്പ് എമർജൻസി കോൾ നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ പ്രാദേശിക സമയം 1.30 ഓടെയാണ് അപകടമുണ്ടാവുന്നത്. ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പലായ ദാലി ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിക്കുകയായിരുന്നു. പാലത്തിന് മുകളിലൂടെ പോകുന്ന വാഹനങ്ങൾ പടാപ്സ്കോ നദിയിലേക്ക് വീണു. തിരച്ചിലിന്‍റെ ദൈര്‍ഘ്യവും ജലത്തിന്‍റെ താപനിലയും കണക്കിലെടുത്താല്‍ കാണാതായ തൊഴിലാളികളെ ജീവനോടെ കണ്ടെത്താന്‍ സാധ്യതയില്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡിൻ്റെ റിയർ അഡ്മിറൽ ഷാനൻ ഗിൽറെത്ത് പറഞ്ഞു. നിര്‍മാണ സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള ട്രോമ സെൻ്ററിലേക്ക് കൊണ്ടുപോയി, രണ്ടാമത്തെയാൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.