പി പി ചെറിയാൻ
ഫ്ലോറിഡ : സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ നിർത്തിവച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ). ലാൻഡിങ്ങിനിടെ ബൂസ്റ്റർ റോക്കറ്റ് അപകടത്തിലായതിനെ തുടർന്നാണ് നടപടി.
ബുധനാഴ്ച രാവിലെ ഫ്ലോറിഡയിൽ നിന്ന് ഫാൽക്കൺ 9 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ വിക്ഷേപണം നടത്തിയതിന് പിന്നാലെയായിരുന്നു അപകടം. ലാൻഡിങ്ങിനിടെ ഫാൽക്കൺ 9 റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ഫസ്റ്റ് സ്റ്റേജ് ബൂസ്റ്ററാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫാൽക്കൺ 9 റോക്കറ്റിന്റെ ലോഞ്ചുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് സ്‌പേസ് എക്‌സ്, അപകട കാരണം കണ്ടെത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് എഫ്എഎ അറിയിച്ചു. അപകടത്തെ തുടർന്ന് കലിഫോർണിയയിൽ നിന്നുള്ള വിക്ഷേപണവും ഉടൻ നിർത്തിവച്ചിരുന്നു.