പി പി ചെറിയാൻ
ജോർജിയ : ജോർജിയ സ്‌കൂളിൽ വെടിവെയ്പ്പ് നടത്തിയ കൗമാരക്കാരന്റെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അപലാച്ചി ഹൈസ്‌കൂൾ വെടിവയ്പ്പ് പ്രതിയുടെ പിതാവാണ് അറസ്റ്റിലായാത്. വെടിവയ്പ്പിൽ നാല് പേർ മരിച്ചിരുന്നു.
54 കാരനായ കോളിൻ ഗ്രേയ്‌ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, രണ്ടാം ഡിഗ്രി കൊലപാതകം, എട്ട് കുട്ടികളോട് ക്രൂരത എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 14 വയസ്സുള്ള ഇദ്ദേഹത്തിൻ്റെ മകൻ കോൾട്ട് ഗ്രേ ബുധനാഴ്ച രണ്ട് വിദ്യാർഥികളെയും രണ്ട് അധ്യാപകരെയും വെടിവച്ച് കൊല്ലുകയായിരുന്നു.
കൗമാരക്കാരനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കോളിൻ ഗ്രേയ്‌ക്കെതിരെയുള്ള കുറ്റാരോപണം മകനെ ആയുധം കൈവശം വയ്ക്കാൻ അനുവദിച്ചു എന്നതാണ്. റിച്ചാർഡ് ആസ്പിൻവാൾ, ക്രിസ്റ്റീന ഇറിമി, മേസൺ ഷെർമർഹോൺ, ക്രിസ്റ്റ്യൻ അംഗുലോ എന്നിരാണ് സ്‌കൂൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് 2023 ഡിസംബറിൽ മകന് അവധിക്കാല സമ്മാനമായി വാങ്ങി നൽകിയതായി കോളിൻ ഗ്രേ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.