നബ്ലൂസ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ച യുഎസ് പൗര കൊല്ലപ്പെട്ടു. 26കാരിയായ ഐസിനൂർ ഈജിയാണ് കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് പലസ്തീൻ ഡോക്ടർ വാർഡ് ബസാലത് അറിയിച്ചു.
വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഉടൻ മരിച്ചതായും ബസാലത് പറഞ്ഞു. മരണം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് സ്ഥിരീകരിച്ചു. യുവതിയുടെ മരണത്തിൽ വളരെയധികം അസ്വസ്ഥരാക്കിയെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായും വൈറ്റ് ഹൗസ് പറഞ്ഞു.
ഉത്തര റാമല്ലയിലെ ബെയ്ത പട്ടണത്തിൽ കുടിയേറ്റം വ്യാപിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം വെടിവെക്കുകയായിരുന്നു. പ്രതിഷേധം നടക്കുന്ന പ്രദേശത്ത് അക്രമാസക്തമായ പ്രവർത്തനത്തിന് പ്രേരിപ്പിച്ചയാൾക്ക് നേരെ വെടിയുതിർക്കുന്നതിനിടെ ഒരു വിദേശ പൗരയെ സൈന്യം കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ഒരു മാസം മുമ്പ് യുഎസ് പൗരനായ അമാഡോ സിസോണിനും പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റിരുന്നു.