ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു, -എന്നാൽ അത് കൊണ്ടുപോയ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തന്നെയാണ്.
ഓട്ടോണമസ് മോഡിലേക്ക് മാറിയ ശൂന്യമായ പേടകം ഓർബിറ്റ് ലാബിൽ നിന്ന് മണിക്കൂറുകൾക്ക് മുമ്പ് അൺഡോക്ക് ചെയ്തു.
പല തവണ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ട പേടകത്തിൽ സുനിതയും ബുച്ചും മടങ്ങുന്നത് അപകടകരമാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് സ്റ്റാർലൈനറുടെ മടക്കയാത്ര ഈ വിധമായത്..
പകരം യാത്രികർ സ്പെയ്സ് എക്സിൻ്റെ ക്രൂ ഡ്രാഗണിൽ ഫെബ്രുവരിയിൽ തിരികെ വരുമെന്ന് കരുതുന്നു. എട്ടു ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് പോയവരാണ് 8 മാസം ബഹിരാകാശത്ത് കഴിയേണ്ടി വന്നത്. സ്റ്റാർലൈനറിൻ്റെ ലാൻഡിങ് നാസ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. അമേരിക്കൻ സമയം രാത്രി 11നും 12നും ഇടയിൽ പേടകം ഭൂമിലെ തൊടും എന്നു കരുതുന്നു.
സാമ്പത്തിക നഷ്ടം നേരിടുന്ന ബോയിംഗിന്, സ്റ്റാർലൈനറിൻ്റെ പ്രശ്നങ്ങൾ ഒരു പ്രഹരമാണ് എന്നതിൽ സംശയമില്ല. അടുത്തിടെ തുടരെ ഉണ്ടായ വിമാനങ്ങളുടെ സാങ്കേതിക പ്രശ്നങ്ങളും അഞ്ച് വർഷം മുമ്പ് നടന്ന രണ്ട് മാരകമായ അപകടങ്ങളും ബോയിങ്ങിനു വലിയ തിരിച്ചടികളാണ് നൽകിയത്. സൽപ്പേര് വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്റ്റാർലൈനർ വിഷയം ഉണ്ടായത്.
പ്രശ്‌നരഹിതമായ ലാൻഡിംഗ് കമ്പനിക്കും – നാസയ്ക്കും വളരെ ആവശ്യമുള്ള കാര്യമാണ്.