വാഷിംഗ്ടണ്‍: ത്രിദിന അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തും. ഇന്ത്യന്‍ അമേരിക്കക്കാരുമായും വിദ്യാര്‍ത്ഥികളുമായും കൂടിക്കാഴ്ച നടത്തും.
വാഷിംഗ്ടണ്‍ ഡിസിയിലേക്ക് തിരിക്കാനായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ച (പ്രാദേശിക സമയം) ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.
ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായാണ് അദ്ദേഹം സംവദിക്കുക. തുടര്‍ന്ന് വിര്‍ജീനിയയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു പരിപാടിയിലും പങ്കെടുക്കും. യുഎസിലെ ഇന്ത്യക്കാരെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സുപ്രധാന പാലം എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി, തന്റെ യുഎസ് സന്ദര്‍ശനത്തിന് ഡാളസ് ഒരു ‘അതിശയകരമായ തുടക്കം’ നല്‍കിയെന്ന് പറഞ്ഞു.
ഞായറാഴ്ച ഡാളസിലെത്തിയ രാഹുല്‍ ടെക്സസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംവദിച്ചിരുന്നു. അദ്ദേഹം ഡാളസിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.