വാഷിങ്ടൻ : യുഎസിന്റെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യ ദേശീയ സുരക്ഷ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കാൻ ധാരണ. യുഎസ് സൈന്യത്തിനും സഖ്യകക്ഷികൾക്കും ഇന്ത്യൻ സൈന്യത്തിനും ആവശ്യമായ ചിപ്പുകൾ നിർമിച്ച് കൈമാറുന്ന ഫാബ്രിക്കേഷൻ പ്ലാന്റ് 2025 ഓടെ സ്ഥാപിക്കാനാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായത്.
‘ശക്തി’ എന്ന് പ്ലാന്റിന് പേരിടും. ഇൻഫ്രാറെഡ്, ഗാലിയം നൈട്രൈഡ്, സിലിക്കോൺ കാർബൈഡ് സെമി കണ്ടക്ടറുകളടെ ഉത്പാദനമാണ് പ്ലാന്റിൽ നടക്കുക. ഭാരത് സെമി, ഇന്ത്യൻ യുവ സംരംഭകരായ വിനായക് ഡാൽമിയ, വൃന്ദ കപൂർ എന്നിവരുടെ സ്റ്റാർട്ടപ്പായ തേർഡ് ഐടെക്, യുഎസ് സ്പേസ് ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാന്റ് നിർമിക്കുക.
ഇന്തോ–പസിഫിക് ഇക്കണോമിക് ഫ്രെയിംവർക്കിന്റെ (ഐപിഇഎഫ്) ഭാഗമായി മൂന്ന് കരാറുകളിലും ഇന്ത്യയും യുഎസും ഒപ്പുവച്ചു. സുതാര്യ സമ്പദ് വ്യവസ്ഥ, ന്യായ സമ്പദ് വ്യവസ്ഥ, ആഗോള ഉന്നമനം എന്നിവ ലക്ഷ്യമിട്ടുള്ള കരാറുകളിലാണ് ഒപ്പുവച്ചത്. ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയ 297 പ്രാചീന ശില്പങ്ങളുൾപ്പെടെയുള്ള നിർമിതികളും യുഎസ് ഇന്ത്യയ്ക്ക് കൈമാറി. ഡെലാവറിലെ ഇന്ത്യൻ സമൂഹവുമായി മോദി കൂടിക്കാഴ്ച നടത്തി.