റ്റാംപ : മിൽട്ടൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ റ്റാംപയിലും സെന്‍റ് പീറ്റേഴ്‌സ്‌ബർഗിലും കനത്ത ആഘാതം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് അതിശക്തമായി വീശുന്നതിന് മുൻപ് ‘ഒഴിഞ്ഞുപോകുക അല്ലെങ്കിൽ മരിക്കും’ എന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതോടെ ഒറ്റരാത്രികൊണ്ട് ഭയചകിതരായ ഫ്ലോറിഡക്കാർ സുരക്ഷിതത്വം തേടി നാട് വിടുകയാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തെ പ്രധാന ഹൈവേകളിൽ കിലോമീറ്ററുകളോളം നീളമുള്ള കാറുകളുടെ ക്യൂവാണ് കാണപ്പെടുന്നത്. പ്രദേശവാസികൾ സംസ്ഥാനത്തിന് പുറത്തും മിയാമിയിലും അഭയം തേടുന്നതിനാൽ വടക്കും തെക്കുമുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. റ്റാംപ, സെന്‍റ് പീറ്റേഴ്‌സ്‌ബർഗ്, ഒർലാൻഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ഇതിനകം തന്നെ വിമാന സർവീസ് നിർത്തിവച്ചു. ഇതോടെ വിമാനം മാർഗം രക്ഷപ്പെടാനുള്ള സാധ്യതയും അടഞ്ഞു. പരിഭ്രാന്തരായി ആളുകൾ സാധനങ്ങൾ വാങ്ങുന്നുണ്ട്. കുപ്പിവെള്ളം, ടോയ്‌ലറ്റ് പേപ്പർ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയാണ് ഇത്തരത്തിൽ വ്യാപകമായി ആളുകൾ വാങ്ങുന്നത്.