യുഎസിലെ ഫ്ലോറിഡയെ വിറപ്പിച്ച് മില്‍ട്ടന്‍ കൊടുങ്കാറ്റ് കര തൊട്ടു. ഫ്ലോറിഡയിലെ സീയസ്റ്റ കീയിലാണ് യുഎസ് സമയം രാത്രി എട്ടരയോടെ മില്‍ട്ടന്‍ എത്തിയത്. കാറ്റഗറി മൂന്നില്‍പ്പെട്ട ചുഴലിക്കാറ്റായാണ് മില്‍ട്ടനെ നിലവില്‍ കണക്കാക്കുന്നത്. മണിക്കൂറില്‍ 193 കിലോമീറ്ററാണ് വേഗതയെന്ന് യുഎസ് നാഷണല്‍ ഹറികെയ്ന്‍ സെന്‍റര്‍ അറിയിച്ചു.
ഈ വര്‍ഷം യുഎസില്‍ എത്തുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണ് മില്‍ട്ടന്‍. നിലവില്‍ ടാംപയുടെ തെക്കന്‍ ഭാഗത്തേക്കാണ് കാറ്റ് നീങ്ങുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്, ഫോര്‍ട്ട് മൈസ്, സാരസോട്ട എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. ഇവിടങ്ങളില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്.
ഫ്ലോറിഡയുടെ മധ്യ,പശ്ചിമ മേഖലകളില്‍ കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. 20 ലക്ഷത്തോളം പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചയോടെ (അമേരിക്കന്‍ സമയം വ്യാഴാഴ്ച രാവിലെ) മില്‍ട്ടന്‍ മിയാമിയില്‍ നിന്നും ജോര്‍ജിയന്‍ തീരത്തേക്ക് നീങ്ങുമെന്നുമാണ് പ്രവചനം.നൂറ്റാണ്ടിന്‍റെ ചുഴലിക്കാറ്റെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മില്‍ട്ടനെ വിശേഷിപ്പിച്ചത്.