ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമ്മീഷണറെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാനഡ ഉന്നയിച്ചതിന് പിന്നാലെ നടപടിയുമായി ഇന്ത്യ. ഭാരതത്തിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ വിദേശകാര്യമന്ത്രാലയം, നയതന്ത്രജ്ഞനെ കാര്യങ്ങൾ ധരിപ്പിച്ചു.
കനേഡിയൻ സർക്കാരിൽ വിശ്വാസമില്ലെന്നും അടിസ്ഥാനരഹിതമായി ഇന്ത്യയെ ഉന്നംവെയ്‌ക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഭാരതം, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്രജ്ഞരെയും തിരികെ വിളിപ്പിച്ചു.നേരത്തെ, കാനഡയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്റ്റുവർട്ട് വീലറെ ഇന്ത്യ വിളിപ്പിച്ചിരുന്നു.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയ്‌ക്ക് നിജ്ജർ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ ഒട്ടാവ പ്രസ്താവന നടത്തിയ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ നീക്കം. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറായ കാമറൂൺ മക്കേയ് നിലവിൽ രാജ്യത്തില്ലാത്ത പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ച് കാര്യങ്ങൾ വിശദീകരിച്ചത്.
ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ള ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നിജ്ജർ വധത്തിൽ ചില താത്പര്യങ്ങൾ ഉണ്ടെന്നായിരുന്നു കാനഡയുടെ പ്രസ്താവന. വസ്തുതയില്ലാത്ത ആരോപണങ്ങളുന്നയിച്ച കാനഡയ്‌ക്ക് അതിരൂക്ഷമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകുകയും ചെയ്തു. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ച കനേഡിയൻ സർക്കാരിന്റെ ശ്രമത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ഇതിന് പിന്നാലെയാണ് കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ചതും, ഒട്ടാവയിലെ ഇന്ത്യൻ പ്രതിനിധികളെ തിരിച്ചുവിളിച്ചതും. കാനഡ-ഭാരതം നയതന്ത്രബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ മുന്നോട്ടുള്ള കാര്യങ്ങളെ ആശങ്കയോടെയും ആകാംക്ഷയോടെയുമാണ് ഇന്ത്യൻ സമൂഹം ഉറ്റുനോക്കുന്നത്.