ന്യൂഡൽഹി: മൂന്ന് സായുധ സേനകൾക്കായി 31 പ്രിഡേറ്റർ എം.ക്യൂ -9ബി ഡ്രോണുകൾക്കുള്ള 32,000 കോടി രൂപയുടെ കരാറിൽ ഒപ്പിട്ട് ഇന്ത്യയും യുഎസ്സും. ഇന്ത്യയിൽ അറ്റകുറ്റപ്പണി, ഓവർഹോൾ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് അടക്കമാണ് കരാർ. ഇന്നലെ മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപേ കരാർ ഒപ്പിടാൻ യു.എസ് ഉദ്യോഗസ്ഥർ ഡൽഹിയിൽ എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2023 ജൂണിലെ യു.എസ് സന്ദർശന വേളയിലാണ് കരാർ പ്രഖ്യാപിച്ചത്. കരാർ നിർദ്ദേശത്തിന്റെ സാധുത 31ന് പൂർത്തിയാകുന്നത് കണക്കിലെടുത്ത് കഴിഞ്ഞയാഴ്‌ച സുരക്ഷയ്‌ക്കുള്ള മന്ത്രിതല സമിതി അംഗീകാരം നൽകിയിരുന്നു. ഡ്രോണുകളിൽ 15 എണ്ണം നാവിക സേനയ്‌ക്കും ബാക്കി വ്യോമ, കരസേനകൾക്കുമാണ്. യു.എസ് കമ്പനിയായ ജനറൽ അറ്റോമിക്‌സ് നിർമ്മിക്കുന്ന ഡ്രോണുകൾ ചെന്നൈയ്ക്കടുത്തുള്ള ഐ.എൻ.എസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, ഉത്തർപ്രദേശിലെ സർസാവ, ഗോരഖ്പൂർ തുടങ്ങിയ ഇടങ്ങളിൽ വിന്ന്യസിക്കും.2020 മുതൽ നാവിക സേന യു.എസിന്റെ പ്രിഡേറ്റർ ഈ ഡ്രോൺ പാട്ടത്തിനെടുത്ത് ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകൾ വാങ്ങുന്നത് അമിത വിലയ്‌ക്കാണെന്നും നിർമ്മിത ബുദ്ധി അടക്കം സൗകര്യങ്ങൾ ഇല്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.