വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ്- സിയെന കോളജ് സർവെ ഫലം പറയുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ്.
ബൈഡന്‍റെ പകരക്കാരിയായി കമല സ്ഥാനാർത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സർവേകളിൽ തിരിച്ചടി നേരിട്ടിരുന്ന മുൻ പ്രസിഡന്‍റ് ഇപ്പോൾ മുന്നേറുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സർവെ ഫലം ചൂണ്ടികാട്ടുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കും ഡൊമാക്രാറ്റ് സ്ഥാനാർഥിക്കും 48 ശതമാനം വീതമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. നവംബര്‍ 5 ന് അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല ക്യാമ്പിനെ സംബന്ധിച്ചടുത്തോളം ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സർവെ ഫലമെന്ന് വ്യക്തമാണ്.
നേരത്തെ പുറത്തുവന്ന വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവെ ഫലവും ഡൊമാക്രാറ്റ് ക്യാമ്പിനെ നിരാശപ്പെടുത്തുന്നതായിരുന്നു. ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ് നേടിയെന്നാണ് വാൾസ്ട്രീറ്റ് ജേണൽ സർവെ ഫലം ചൂണ്ടികാട്ടിയത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് 47 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഡൊമാക്രാറ്റ് സ്ഥാനാർത്ഥിക്ക് 45 ശതമാനമാണ് വോട്ട് ലഭിച്ചത്. അതായത് കമല ഹാരിസിനെ രണ്ട് പോയിന്‍റിന് പിന്നിലാക്കാൻ ട്രംപിന് സാധിച്ചു എന്ന് സാരം. റോയിട്ടേഴ്‌സ് – ഇപ്‌സോസ് സര്‍വെഫലവും ട്രംപിന് പിന്തുണ വര്‍ധിച്ചതായാണ് വ്യക്തമാക്കിയത്. റോയിട്ടേഴ്‌സ് – ഇപ്‌സോസ് സര്‍വെയിലും ട്രംപ് രണ്ട് പോയിന്റിന് മുന്നിലായിരുന്നു. 46% ആണ് ട്രംപിനുള്ള പിന്തുണയെങ്കില്‍ 44% ശതമാനമായിരുന്നു കമലയുടേത്.